സ്വകാര്യബസ് ഡ്രൈവർ സിയാദിന്റെ മരണം… അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: സ്വകാര്യബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസ് മർദ്ദന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈ മാസം 24ന് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സിയാദിന്റെ മകൾ ആരോപണം ഉന്നയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്.
എന്നാൽ സിയാദിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, സിയാദിനെതിരെ പരാതി നൽകിയിരുന്ന വ്യക്തി പൊലീസ് മർദ്ദിക്കുന്നത് കണ്ടതായി വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടിയത്. കുണ്ടറ–കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു സിയാദ്. ജൂൺ 16ന് സിയാദിന്റെ അയൽവാസികളായ രണ്ട് ഏഴാം ക്ലാസ് വിദ്യാർഥികളെ കാണാതായിരുന്നു. കുട്ടികളെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ, ഒരു കുട്ടിയുടെ സഹോദരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർധരാത്രിയിൽ സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അടുത്ത ദിവസം കുട്ടികളെ കണ്ടെത്തിയതോടെ സിയാദിനെ വിട്ടയച്ചു. പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം രണ്ടിന് സിയാദ് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കസ്റ്റഡിയിലെടുക്കാൻ എത്തിയ എസ്ഐ സമ്പത്ത്, സിപിഒ എസ്. ശ്രീജിത്ത് എന്നിവർ ജീപ്പിനുള്ളിൽ വച്ച് മർദ്ദിച്ചെന്നാണ് സിയാദിന്റെ ശബ്ദസന്ദേശത്തിലെ ആരോപണം. സംഭവത്തിൽ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചികിത്സാ രേഖകളിലോ പോസ്റ്റുമോർട്ടം പരിശോധനയിലോ മർദ്ദനത്തിന്റെ വ്യക്തമായ സൂചനകളില്ലെന്നും, മഞ്ഞപ്പിത്തം ഗുരുതരമായതും ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കുണ്ടറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി മരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കും.



