ഓട്ടോ ഡ്രൈവർക്ക് അയച്ച പണം പ്രതികളെ കുടുക്കി… കൊലക്കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

കൊല്ലം: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പൊലീസ് സാഹസികമായി പിടികൂടി. കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരാണ് ഓച്ചിറയിലെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റിലായത്. ആര്യാട് ഗുരുപുരം മുര്യൻവെളിയിൽ അഖിൽ (അച്ചു-24) കൊല്ലപ്പെട്ട കേസിലാണ് ഇരുവരും പിടിയിലായത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർക്ക് പണം അയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.

കൃത്യത്തിന് ശേഷം പ്രതികൾ ആദ്യം ആലപ്പുഴയിൽ നിന്ന് തൃശൂരിലേക്ക് കടന്നു. പിന്നീട് ഷെൽജാദിന്റെ ഫോൺ കുന്നംകുളത്ത് ഓണായതോടെ അന്വേഷണസംഘം അവിടെ എത്തി ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധന നടത്തി. തുടർന്ന് പ്രതികൾ ബന്ധപ്പെട്ടു സന്ദേശം അയച്ചവരെ ചോദ്യം ചെയ്തതോടെയാണ് ഇരുവരും കോഴിക്കോട് ഫറൂക്കിലേക്ക് പോയതായി വ്യക്തമായത്. പൊലീസ് ഫറൂക്കിലെത്തുമ്പോഴേക്കും പ്രതികൾ കർണാടകയിലേക്ക് കടന്നിരുന്നു. ഫോൺ വിവരങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ച അന്വേഷണസംഘം, പ്രതികളിലൊരാൾക്ക് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയുമായി ബന്ധമുണ്ടെന്നും ഒളിവിൽ കഴിയാൻ സഹായിക്കുന്ന മറ്റുചിലരും ഉണ്ടെന്നും കണ്ടെത്തി. തുടർന്ന് ബെംഗളൂരുവിൽ യുവതിയെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കിയ പൊലീസ്, പ്രതികൾക്ക് ഒളിവിൽ കഴിയാനും യാത്രചെയ്യാനും സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് രഹസ്യമായി കേരളത്തിലേക്ക് മടങ്ങിയ പ്രതികൾ കായംകുളത്ത് അനന്തുവിന്റെ വീടിന് സമീപം ഒളിവിൽ കഴിയുന്നതിനിടെയാണ് വീണ്ടും കുടുങ്ങിയത്. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസ് ഇരുവരെയും പിടികൂടിയത്.

അതേസമയം, അനന്തു ജിം സന്തോഷ് വധക്കേസിലെ പ്രതിയായ ആലുവ അതുലിന്റെ സംഘാംഗമാണെന്നും, ആ കേസിലും പ്രതിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയായ ഷെൽജാദ് ലഹരിക്കേസുകളിൽ നേരത്തെ ജയിൽശിക്ഷ അനുഭവിച്ചയാളാണ്. ദുബായിൽ ശിക്ഷ അനുഭവിച്ച് ഒരു വർഷം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. രണ്ട് മാസം മുമ്പ് നെടുമ്പാശേരിയിലെ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ഇയാൾ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയതെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കേസിലെ മറ്റ് ബന്ധങ്ങളും സഹായികളും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button