മൂവാറ്റുപുഴയിൽ പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം… മർദ്ദിച്ച് ദൃശ്യങ്ങൾ പുറത്ത്

മൂവാറ്റുപുഴ: പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മർദ്ദിച്ച സഹപാഠികൾ കൂടിയായ നാലംഗ സംഘം വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. മാത്രമല്ല, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇവർ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാർഥികള്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ടവർ മാതാപിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാകണം. ആക്രമണം നടത്തിയ വിദ്യാർഥികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സ്കൂൾ മാനേജ്മെന്റും അറിയിച്ചു. സംഭവത്തിൽ ഇന്ന് സ്കൂൾ പിടിഎ യോഗം ചേരുന്നുണ്ട്.
ഇതേ സ്കൂളിൽ വിവിധ ഡിവിഷനുകളിലെ പത്താം ക്ലാസ് വിദ്യാർഥികളാണു മർദ്ദനമേറ്റയാളും മർദ്ദിച്ചവരും. ഈ മാസം 16ന് സ്കൂളിലുണ്ടായ തർക്കത്തിനു പിന്നാലെ പിറ്റേന്നാണു ക്രൂരമർദ്ദനം ഉണ്ടായത് എന്നാണു വിവരം. സ്കൂൾ വിട്ടതിനുശേഷം വൈകിട്ട് നാലരയോടെ പുറത്തുള്ള ഇടവഴിയിൽ വച്ചായിരുന്നു സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇവർ മർദ്ദിച്ചതും വിഡിയോ ചിത്രീകരിച്ചതും എന്നാണു പുറത്തുവരുന്നത്. ആക്രമിക്കുന്നതിനു മുമ്പു തന്നെ സംഘം വിദ്യാർഥിക്കു ചുറ്റും നടന്നു പരിഹസിക്കുകയും ആർത്തു ചിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ പല തവണ മർദ്ദിക്കുന്നതു പോലെ നടിക്കുകയും ചെയ്തു. ഇതിനിടെയാണു കേസിലെ ഒന്നാം പ്രതി വിദ്യാർഥിയുടെ ഇടത്തേ കവിളിൽ ആഞ്ഞിടിക്കുന്നത്. പിന്നാലെ മറ്റുള്ളവരും മർദ്ദനത്തിൽ പങ്കു ചേരുകയായിരുന്നു. മുഖത്തും തലയിലും അടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനുശേഷവും വിദ്യാർഥികൾ ആർത്തു ചിരിക്കുന്നുണ്ട്. ഇതിനിടെയാണു ഭീഷണിപ്പെടുത്തി അസഭ്യം പറയുന്നത്. ഇക്കാര്യം എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആരാണു പകർത്തിയത് എന്നു വ്യക്തമല്ല.
എന്നാൽ ആക്രമിച്ച് ആ ദൃശ്യങ്ങൾ പകര്‍ത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നു ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. ഇതിനുശേഷം ഇവർ അയച്ചു നൽകിയ ആരോ ആണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത് എന്നാണു കരുതുന്നത്. ഇത് ഇന്നലെ പുറത്തു വന്നപ്പോള്‍ വിഡിയോയിൽ ഉള്ളവരെ തിരിച്ചറിയുകയും മർദ്ദനമേറ്റ വിദ്യാർഥിയില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിയെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിനു റിപ്പോർട്ട് നൽകും. ആക്രമണത്തിൽ ഉൾപ്പെട്ട വിദ്യാർഥികള്‍ മാതാപിതാക്കൾക്കൊപ്പം ഹാജരാകണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് സ്കൂൾ മാനേജ്മെന്റും വ്യക്തമാക്കിയിട്ടുള്ളത്.



