‘പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ രാജിവെപ്പിക്കാൻ ‘പാറ്റകൾ’ എപ്പോൾവരും?’ ..

പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിൽ, പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംബന്ധിച്ച് ചോദ്യവുമായി നടി ശ്വേത തിവാരി. പഞ്ചാബിലെ ഹൈടെക് ഫാർമസി പരീക്ഷാ തട്ടിപ്പ് വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) എപ്പോഴാണ് ഇടപെടാൻ പോകുന്നത് എന്നാണ് സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ശ്വേത ചോദിച്ചത്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ വിവാദവും മുൻനിർത്തി സിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് കേന്ദ്ര മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ശനിയാഴ്ച ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതിന് രണ്ട് ദിവസം മുമ്പ്, പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയ്ൻസ് രാജി സന്നദ്ധത അറിയിച്ചിരുന്നു.2026 ജൂലൈ 19-ന് ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (BFUHS) നടത്തിയ ഫാർമസി ഓഫീസർ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെ നടന്ന ഹൈടെക് തട്ടിപ്പാണിത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് ചോദ്യപേപ്പർ മോഷ്ടിക്കുന്നതിന് പകരം, പരീക്ഷാ സമയത്ത് തന്നെ തത്സമയം ചോദ്യങ്ങൾ ചോർത്തുന്ന ‘ലൈവ് ബ്രീച്ച്’ (live breach) രീതിയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്.




