ഒരു തെറ്റായ കോൾ, പിന്നെ അസഭ്യവിളിയും അശ്ലീല ഗ്രൂപ്പുകളിൽ നമ്പർ പ്രചരിപ്പിക്കലും…

പാലക്കാട്: സാമൂഹിക വിരുദ്ധരുടെ നിരന്തര ഉപദ്രവത്തെ തുടർന്ന് ജോലി ചെയ്യാൻ പോലും കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് പാലക്കാട് മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ. ജോലിയുടെ ഭാഗമായി നമ്പർ തെറ്റി ഫോൺ വിളിച്ചതിനെ തുടർന്നാണ് രമ്യയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നത്. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് രമ്യയുടെ ആരോപണം. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും നൂറുകണക്കിന് ഫോൺ കോളുകളാണ് ചെയ്യേണ്ടത്. എന്നാൽ ഔദ്യോഗിക ഫോൺ ലഭ്യമല്ലാത്തതിനാൽ സ്വന്തം ഫോൺ ഉപയോഗിച്ചാണ് രമ്യ ജോലി ചെയ്യുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ലഭിച്ച നമ്പറുകളിൽ പിഴവുണ്ടായതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഡെങ്കിപ്പനി ബാധിച്ച ഒരാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കോൾ തെറ്റി വയനാട്ടിലുള്ള മറ്റൊരാളിലേക്ക് പോയി. ഇതിന് പിന്നാലെയാണ് രമ്യക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. നമ്പർ തെറ്റിയതാണെന്നും താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയാണെന്നും വിശദീകരിച്ചിട്ടും ഉപദ്രവം തുടരുകയായിരുന്നുവെന്ന് രമ്യ പറയുന്നു. അസഭ്യം പറയുകയും വിവിധ അശ്ലീല ഗ്രൂപ്പുകളിൽ ഫോൺ നമ്പർ പങ്കുവെക്കുകയും ചെയ്തതായും പരാതിയുണ്ട്. പല നമ്പറുകളിൽ നിന്നായി നിരന്തരം കോളുകൾ വരുന്നതായും വിദേശത്തുനിന്ന് ഉൾപ്പെടെ വീഡിയോ കോളുകൾ ലഭിക്കുന്നതായും രമ്യ പറയുന്നു. ഇതേ തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പ്രതികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പരാതി നൽകിയ ശേഷവും ശല്യം തുടരുകയാണെന്നും രമ്യ വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഔദ്യോഗിക ഫോൺ അനുവദിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണെന്നും, ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വിവിധ ആപ്പുകളും സ്വകാര്യ ഫോണുകളിലാണ് ഉപയോഗിക്കേണ്ടിവരുന്നതെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button