ജാതിയല്ല, കഴിവ് മാനദണ്ഡമാകണം… ജാതി സമവാക്യങ്ങളുടെ രാഷ്ട്രീയം അവസാനിപ്പിക്കണം…

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിലപാട് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ജാതി സമവാക്യങ്ങളുടെ പേരിൽ കേരളത്തിൽ തീരുമാനമെടുക്കുന്ന രീതിയിൽ നിന്ന് പാർട്ടി പിന്തിരിയണമെന്നും പാരമ്പര്യവും പൈതൃകവും പ്രവർത്തന മികവുമായിരിക്കണം കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള മാനദണ്ഡമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജാതി സമവാക്യങ്ങൾ അവസാനിച്ചാലേ പാർട്ടി നേതൃത്വം കരുത്തുറ്റതാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെ സാഹചര്യം രൂക്ഷമായതിനാൽ നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്നും അതിനുശേഷം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. നേരത്തെ തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു. അന്നും യോഗ്യതയും പ്രവർത്തന മികവുമാണ് നേതൃമാറ്റത്തിനുള്ള പ്രധാന മാനദണ്ഡമാകേണ്ടതെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതേസമയം, ഇവിഎം ഹാക്കിങ് ആരോപണത്തിൽ പുറത്തുവന്ന വിവരങ്ങൾ വസ്തുതയാണെങ്കിൽ അത് ക്രിമിനൽ കുറ്റകൃത്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പാർട്ടിക്കുള്ളിൽ മാത്രം ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് താൻ പരാതി നൽകുമെന്നും മാധ്യമങ്ങൾക്ക് വിവരം നൽകിയവരും പരാതി നൽകാൻ തയ്യാറാകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button