രക്ഷാപ്രവർത്തന കേസ് അട്ടിമറി ആരോപണം.. അജിത് കുമാറിനെതിരെ നിർണായക നടപടി…

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിൽ എഡിജിപി എം. ആർ. അജിത് കുമാറിനെതിരെ സ്വീകരിച്ച നടപടിക്ക് പിന്നാലെ വകുപ്പുതല അന്വേഷണം ഉടൻ ആരംഭിക്കും. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായാണ് അന്വേഷണം നടക്കുക. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന് നേതൃത്വം നൽകുക. ഡിജിപി യോഗേഷ് ഗുപ്തയുടെ പേരാണ് പരിഗണനയിലുള്ളതെന്നാണ് വിവരം. അജിത് കുമാറിനെതിരായ ആരോപണങ്ങൾ വിശദമായി പരിശോധിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
അന്വേഷണത്തിന്റെ ഭാഗമായി സാക്ഷിമൊഴികൾ രേഖപ്പെടുത്തും. അതോടൊപ്പം എം. ആർ. അജിത് കുമാറിന്റെ വിശദീകരണവും തേടും. രേഖകൾ ഹാജരാക്കാനും അദ്ദേഹത്തിന് അവസരം നൽകും. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ക്രിമിനൽ കേസെടുക്കുന്നതും ശമ്പള വർധന തടയുന്നതുമടക്കമുള്ള നടപടികൾ പരിഗണിക്കും. ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കാനായാൽ കേസിൽ നിന്ന് മുക്തനാകാനും സാധ്യതയുണ്ട്. എസ്.പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു എഡിജിപി എം. ആർ. അജിത് കുമാർ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണം ഉയർന്നത്. എന്നാൽ എസ്പിയേക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ നടപടി ശുപാർശ ചെയ്യാൻ പരിമിതികളുണ്ടായിരുന്നു. ഇതോടെയാണ് പഴുതടച്ച വകുപ്പുതല അന്വേഷണം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
ഡിജിപി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എം. ആർ. അജിത് കുമാറിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കേസ് അട്ടിമറിയിൽ ഇടപെടൽ വ്യക്തമായതോടെയാണ് സസ്പെൻഷൻ. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. സസ്പെൻഷനോടെ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റവും തടയപ്പെടും. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്ഐടി റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയതോടെയാണ് നടപടികൾ വേഗത്തിലായത്.
ഗൺമാൻമാരുടെ മർദനക്കേസ് എം. ആർ. അജിത് കുമാർ അട്ടിമറിച്ചെന്നാണ് എസ്ഐടി കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് തിരുത്തുകയും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്ന മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



