നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 43 കാരനായ രാമനാട്ടുകര സ്വദേശിയെ….

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി. 43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5-ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചിരുന്നു.
ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാനായി. ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിൽ സാധിച്ചതായും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദർശിച്ചിരുന്ന ആശുപത്രികൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്.



