ധർമേന്ദ്ര പ്രധാൻ ‘ക്രിമിനൽ മന്ത്രി’… മോദി വിദ്യാർഥികളോട് മാപ്പ് പറയണം…

രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥിക്കൊപ്പം വാർത്താസമ്മേളനം നടത്തി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധിച്ച യുവാക്കളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടിയിൽ പരിക്കേറ്റ ഹരിയാന സ്വദേശിയായ വിദ്യാർഥിക്കൊപ്പമാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ “ക്രിമിനൽ മന്ത്രി” ആണെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധർമേന്ദ്ര പ്രധാനെന്നും, ആയിരക്കണക്കിന് യുവാക്കളെ തെരുവിലിറക്കാൻ കാരണമായത് അദ്ദേഹത്തിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ വാദമെങ്കിലും, സമാധാനപരമായി ദേശീയപതാകയേന്തി പ്രതിഷേധിച്ച വിദ്യാർഥിക്ക് പെല്ലറ്റ് വെടിയേറ്റ് കണ്ണിന് ഗുരുതര പരിക്കേറ്റതായും കാഴ്ച നഷ്ടമായതായും രാഹുൽ ഗാന്ധി ആരോപിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾക്കെതിരെ ലാത്തിച്ചാർജും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ ആക്രമിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അതേസമയം, കേന്ദ്ര സർക്കാരും സി.ജെ.പി പ്രതിനിധികളും തമ്മിലുള്ള ചർച്ച പൂർത്തിയായി. സമരക്കാർ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്ര സർക്കാർ അംഗീകരിച്ചതായാണ് വിവരം.



