കെട്ടിട അനുമതിയിൽ ക്രമക്കേട്… വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ….

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ സംസ്ഥാനവ്യാപക പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി. ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള ഇടപാടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പേരിൽ ആറ് കോർപ്പറേഷനുകൾ, 30 നഗരസഭകൾ, 24 പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ബുധനാഴ്ച വിജിലൻസ് പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ 30 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നാണ് കണ്ടെത്തൽ.

ഇടനിലക്കാരിൽ നിന്ന് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായും പരിശോധനയിൽ വ്യക്തമായതായി വിജിലൻസ് അറിയിച്ചു. കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ച് നിരവധി സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നതായും കണ്ടെത്തി. കുന്നംകുളം നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരിൽ നിന്ന് 21.50 ലക്ഷം രൂപ എത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ രണ്ട് അസിസ്റ്റന്റ് എൻജിനിയർമാർ, ഓവർസിയർ, ബിൽഡിങ് ഇൻസ്പെക്ടർ എന്നിവർ കരാറുകാരിൽ നിന്ന് 12.69 ലക്ഷം രൂപ വാങ്ങിയതിനും തെളിവുകൾ ലഭിച്ചതായി വിജിലൻസ് വ്യക്തമാക്കി. നെയ്യാറ്റിൻകര നഗരസഭയിലെ ഓവർസിയർ 1.37 ലക്ഷം രൂപയും വർക്കല നഗരസഭയിലെ താൽക്കാലിക ഓവർസിയർ 2.03 ലക്ഷം രൂപയും വയനാട് അമ്പലവയൽ പഞ്ചായത്തിലെ ശുചീകരണ വിഭാഗം ജീവനക്കാരൻ 2.08 ലക്ഷം രൂപയും ഇടനിലക്കാരിൽ നിന്ന് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

പരിശോധനയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കെട്ടിടനിർമാണ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകൽ, കെട്ടിട നമ്പർ അനുവദിക്കൽ, നികുതി നിർണയം തുടങ്ങിയ നടപടികളിലാണ് ക്രമക്കേടുകൾ നടന്നതെന്നാണ് കണ്ടെത്തൽ. അനുമതിയില്ലാതെ അധിക നിലകൾ നിർമിച്ചതും പാർക്കിങ് സ്ഥലങ്ങളിൽ മാറ്റം വരുത്തിയതും വാണിജ്യ കെട്ടിടങ്ങൾക്ക് റെസിഡൻഷ്യൽ ബിൽഡിങ് നമ്പർ അനുവദിച്ചതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button