തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരണം, ഉത്തരവാദി കെഎസ്ഇബി

തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ സനുവാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ കുത്തിയിടുന്നതിനിടെ മരിച്ചത്. തോട്ടി സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് സനുവിന് ഷോക്കേറ്റത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് തിരുവനന്തപുരത്തെ പെർമനന്റ് അദാലത്ത് ഫോർ യൂട്ടിലിറ്റി സർവീസസാണ്
2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം. വെൽഡർ ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു യുവാവിന് ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഇളയ സഹോദരി പത്താം ക്ലാസിലായിരുന്നു. മൂത്ത സഹോദരി വിവാഹിതയും. കെഎസ്ഇബി യുമായി നഷ്ടപരിഹാരത്തിനായി കേസ് നടക്കുന്നതിനിടെ അച്ഛൻ മരിച്ചു. സനുവിന്റെ അമ്മ സത്യഭാമ അദാലത്തിൽ പരാതി നൽകിയത് 2023 ലാണ്. വൈദ്യുതി ബോർഡ് ലൈനിന്റെ സുരക്ഷിതത്തിൽ വീഴ്ച്ച വരുത്തിയതിനാൽ ഉണ്ടായ അപകടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.
എന്നാൽ അപകടം സംഭവിച്ചത് സനുവിന്റെ അശ്രദ്ധയും അലക്ഷ്യമായ പ്രവർത്തിയും കൊണ്ടാണെന്നാണ് ബോർഡ് വാദിച്ചത്. ഫൈനൽ സെറ്റിൽമെന്റ് ആയി കുടുംബത്തിന് 2 ലക്ഷം രൂപ നൽകിയതും അദാലത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് 2024 ൽ അദാലത്ത് സത്യഭാമയുടെ പരാതി തള്ളി. ഇതിനെതിരെ സത്യഭാമ ഹൈക്കോടതിയെ സമീപിക്കുകയും കോടതി കേസിൽ പുതുതായി വാദം കേൾക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വാദത്തിനൊടുവിൽ ബോർഡിന്റെ വീഴ്ച്ച കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് അദാലത്ത് കണ്ടെത്തിയത്. തോട്ടി വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വന്നപ്പോൾ ട്രിപ്പ് ആവേണ്ടതായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. ട്രിപ്പ് ആവാനുള്ള പ്രൊട്ടക്റ്റീവ് ഫ്യൂസ് സിസ്റ്റം പ്രവർത്തിച്ചില്ല എന്നത് ബോർഡിന്റെ വീഴ്ചയാണ്. സനുവിന് പ്രതിദിനം 1,000 രൂപ വരുമാനം ഉണ്ടായിരുന്നെന്നാണ് കുടുംബം അദാലത്തിൽ അറിയിച്ചത്. എന്നാൽ സർക്കാർ വെൽഡർ ജോലിക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദാലത്ത് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്. മുമ്പ് നൽകിയ 2 ലക്ഷം കഴിച്ച് 36.50 ലക്ഷം അമ്മക്ക് ബോർഡ് നൽകണം. ഈ തുകക്ക് 6 ശതമാനം പലിശയും കൂടാതെ 10,000 രൂപ കോടതിച്ചെലവായി നൽകണമെന്നും ഉത്തരവിലുണ്ട്.
അദാലത്ത് ചെയർപേഴ്സൺ ഷെറിൻ ആഗ്നസ് ഫെർണാണ്ടസ്, അംഗം എൻ ജീവൻ എന്നിവരാണ് ഉത്തരവിട്ടത്. പരാതിക്കാരിയെ പ്രതിനിധീകരിച്ചത് അഡ്വക്കേറ്റുമാരായ ഫ്രാൻസി ജോൺ, എസ്. രഘുകുമാർ, ത്രേയ ജെ. പിള്ള, ആര്യ സുരേഷ് കുമാർ എന്നിവരാണ്.
