29 ദിവസമായി വയറെരിഞ്ഞ് പ്രതിഷേധം… അടിമാലിയിൽ കുഞ്ഞുങ്ങളും ഗർഭിണികളും തെരുവിൽ….

ഇടുക്കി: ഭരണകൂടത്തിന്റെ ക്രൂരമായ അവഗണനയ്ക്കെതിരെ അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തബാധിതർ പട്ടിണി സമരത്തിൽ. അടിമാലി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ദുരന്തബാധിതർ നടത്തുന്ന സമരം 29-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗർഭിണികളും കുട്ടികളും വയോധികരും അടക്കമുള്ള ദുരന്തബാധിതരാണ് വിശപ്പടക്കാതെ സമരപ്പന്തലിൽ കഴിയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 25-നുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് മാറ്റിപ്പാർപ്പിച്ച അടിമാലി ലക്ഷംവീട് നഗറിലെ 17 കുടുംബങ്ങളാണ് നീതിക്കായി തെരുവിലിറങ്ങിയിരിക്കുന്നത്. ദുരന്തത്തിൽ ഒരാൾ മരണപ്പെടുകയും, മരണപ്പെട്ടയാളുടെ ഭാര്യയുടെ കാൽ മുറിച്ചുനീക്കേണ്ടിവരികയും ചെയ്തിരുന്നു.
മുൻപ് സമരപ്പന്തലിന് സമീപം ദേശീയപാതയിലേക്ക് രാത്രിയിലെ കനത്ത മഴയിൽ കല്ലും മണ്ണും പതിച്ച് അപകടമുണ്ടായിരുന്നു. തുടക്കത്തിൽ അപകടാവസ്ഥയിലുള്ള മൺതിട്ടയ്ക്ക് താഴെയായിരുന്നു ഇവർ സമരം ചെയ്തിരുന്നത്. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവർ ആരോപിക്കുന്നു. കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും സമരപ്പന്തൽ ഭാഗികമായി തകരുകയും ചെയ്തിരുന്നു. നേരത്തെ ദേവികുളം എംഎൽഎയുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാത്തതിനാൽ സമരം തുടരുകയായിരുന്നു. എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനമാണ് സമരക്കാർ ഉയർത്തുന്നത്. വെറും വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും, കൃത്യമായ ഉറപ്പുലഭിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ദുരന്തബാധിതർ വ്യക്തമാക്കുന്നു.
സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മൂന്നുമാസത്തെ വാടകയും ഇതുവരെ ലഭ്യമായിട്ടില്ല. ഇതിൽ ഒൻപത് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുക കയ്യിൽ കിട്ടിയിട്ടില്ല. ബാക്കിയുള്ള കുടുംബങ്ങൾക്കും കൂടി നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ഒൻപത് കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയും വാടകക്കുടിശ്ശികയും ഉടനടി നൽകുമെന്നും, 17 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.



