ഓവർടൈം ചെയ്യാൻ വിസമ്മതിച്ചു; ജീവനക്കാരെ ബാങ്കിനുള്ളിൽ പൂട്ടിയിട്ട് ജോലി ചെയ്യിപ്പിച്ച് മാനേജറുടെ ക്രൂരത

പ്രവർത്തിസമയം കഴിഞ്ഞിട്ടും അധിക ജോലി ചെയ്യാൻ വിസമ്മതിച്ച ജൂനിയർ ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് ബാങ്ക് മാനേജർ. കർണാടക ഗ്രാമീൺ ബാങ്കിന്റെ ഹാസൻ ജില്ലയിലെ അറക്കൽഗുഡ് ബ്രാഞ്ചിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്.

ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. ജീവനക്കാരുടെ ജോലിസമയം വൈകുന്നേരം അഞ്ച് മണി വരെയാണ്. എന്നാൽ ആറ് മണി വരെ അധികമായി ജോലി ചെയ്ത ശേഷം വീട്ടിൽ പോകാൻ അനുവദിക്കണമെന്ന് ജൂനിയർ ജീവനക്കാർ അഭ്യർഥിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ പോകാൻ പറ്റില്ലെന്ന് മാനേജർ പറഞ്ഞുകൊണ്ട് ഗേറ്റ് പൂട്ടി താക്കോൽ കൈവശം വെക്കുകയായിരുന്നു. എന്തിനാണ് ഓഫീസിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നത് എന്ന് ജീവനക്കാർ ആവർത്തിച്ച് ചോദിച്ചെങ്കിലും മാനേജർ മറുപടി നൽകാത്തതും വീഡിയോയിൽ കാണാം. 

സ്ഥാപനത്തിലെ തന്നെ മറ്റൊരു ജീവനക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മാനേജറുടെ നടപടി ചർച്ചയായത്. തൊഴിൽ പീഡനത്തിനെതിരെയും മാനേജറുടെ ക്രിമിനൽ നടപടിക്കെതിരെയും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Back to top button