രഞ്ജിനി ഹരിദാസിനെ അപമാനിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

പൈസ വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജ് ഇല്ല, കുറച്ച് പൈസ കിട്ടിയോണ്ട് അങ്ങോട്ട് പോയി എന്നും ബിജെപി നേതാവ് പരിഹസിച്ചു. പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കൈയിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ്, ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളുവെന്നും വിദ്യാർത്ഥി പ്രതിഷേധത്തെ അപമാനിച്ച് ബി ഗോപാകൃഷ്ണൻ പറഞ്ഞു. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളുവെന്നും ബിജെപി നേതാവ് പറഞ്ഞു.

കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് സമര വേദിയിൽ എത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. വാങ്ചുക്കിനെ സമര വേദിയിൽ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടു പോകും പോലയാണ് എടുത്തു കൊണ്ടുപോയതെന്ന് രഞ്ജിനി പറഞ്ഞു.

ഏത് സമരമാണെങ്കിലും അതിൻറെ ലക്ഷ്യമെന്താണെന്ന് നോക്കിയാണല്ലോ പിന്തുണയ്ക്കുന്നത്. വിദ്യാഭ്യാസം നമ്മളെ സംബന്ധിച്ച് അത്രയേറെ പ്രധാനമാണ്. നീറ്റ് പരീക്ഷയ്ക്ക് നമ്മുടെ രാജ്യത്ത് വളരെ പ്രധാന്യമുണ്ട്. ഗ്രാമങ്ങളിൽ കൂലിപ്പണി ചെയ്തും മറ്റുമുണ്ടാക്കുന്ന പണം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾ ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. അതേക്കുറിച്ചെല്ലാം ചോദിക്കുമ്പോൾ ഒരു ഉത്തരം പോലും തരുന്നില്ല എന്നതാണ് നിരാശാജനകമായ കാര്യമെന്നും രഞ്ജിനി പ്രതികരിച്ചു.

ജന്തർ മന്തറിലെത്താൻ പോലും നിരവധി തടസ്സങ്ങളാണ്. യുവാക്കൾ ഇവിടെ എത്തിയത് അടിയുണ്ടാക്കാനൊന്നുമല്ല. എന്നിട്ടാണ് ലാത്തിചാർജും ടിയർ ഗ്യാസും കൊണ്ട് അവരെ പൊലീസ് നേരിടുന്നത്. തനിക്കും ലാത്തിചാർജ് കിട്ടിയേനെ. അടി കിട്ടിയ കുട്ടികൾക്ക് വെള്ളം പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് രഞ്ജിനി പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്കെതിരെയല്ല നിലപാടിനെതിരെയാണ് താൻ സംസാരിക്കുന്നത്. അതിന് എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ചോദിച്ചു.

Related Articles

Back to top button