ലഹരിക്കേസിലും പ്രതി, കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾ മുമ്പ് പുറത്തിറങ്ങിയ യുവാവ്…

കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യുവാവിനെ വധശ്രമക്കേസിൽ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് കൽഫാൻ (26) ആണ് അറസ്റ്റിലായത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഇയാളെ കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് സംഘം പിടികൂടിയത്.

​​കഴിഞ്ഞ 16-ാം തീയതി ഉച്ചയ്ക്ക് 2.30-ഓടെ മേനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി സച്ചിനെയും സുഹൃത്തുക്കളെയും വീടിന് മുൻവശത്ത് വെച്ച് ഇയാൾ വാൾ ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുനിന്നും പിടിയിലാകുന്നത്.

​രാസലഹരി, കഞ്ചാവ് തുടങ്ങിയ വിൽപന നടത്തിയതിന് കഴക്കൂട്ടം, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളിലും കഴക്കൂട്ടം എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കരുതൽ തടങ്കൽ കാലാവധി പൂർത്തിയാക്കി അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.​ എസ്.ഐ അനൂപ്, എസ്.സി.പി.ഒമാരായ ഹാഷിം, സുരേഷ് കുമാർ, സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button