കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച പ്രതി പിടിയില്‍

കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷത്തോളമായി രാധാകൃഷ്ണൻ നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ ഔദ്യോഗിക റിസീവർ അഡ്വ. എം ശ്രീലേഖ അന്വേഷണം നടത്തുകയും ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ചെങ്ങന്നൂർ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം ഇന്നലെ മേൽശാന്തി സ്ഥാനം ഒഴിയാനിരിക്കെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്ഥാനം ഒഴിയുന്നതിന്റെ നടപടികളുടെ ഭാഗമായി റിസീവർ നടത്തിയ കണക്കെടുപ്പിൽ തിരുവാഭരണത്തിൽ സംശയം തോന്നി. തുടർന്ന് അപ്രൈസർക്ക് മുന്നിൽ തിരുവാഭരണം പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മൂന്നു പവനോളം വരുന്ന ആഭരണങ്ങൾ മോഷണം പോയതായും പകരം ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് വെച്ചതായും മനസിലാക്കിയത്
