ഹൈക്കോടതി വിധിക്ക് സ്റ്റേ വേണം… സുപ്രീംകോടതിയെ സമീപിച്ച് വഖഫ് ബോർഡ്

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശനമായ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. വരുന്ന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡംഗം ഉമർ ഫൈസിയുമാണ് ഹൈക്കോടതി വിധിക്കെതിരെ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ വിവാദ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകണമെന്നും ബോർഡും ഉമർ ഫൈസിയും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ യാതൊരു തീരുമാനങ്ങളും വഖഫ് ബോർഡ് എടുക്കാൻ പാടില്ലെന്നും, പുതിയ മൂലധന ചെലവുകൾ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. കൂടാതെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും തത്കാലം ബോർഡിന്റെ പ്രവർത്തനമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് പുറത്തുവന്നതോടെ വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച അവസ്ഥയിലാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് കോടതിയിൽ ചൂണ്ടിക്കാട്ടി. മുൻപ് സമാനമായ ഉത്തരവ് ഉണ്ടായപ്പോൾ സുപ്രീംകോടതി അത് സ്റ്റേ ചെയ്തിരുന്ന കാര്യം സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും വാദത്തിനിടെ കോടതിയെ ഓർമ്മിപ്പിച്ചു. ഇതേത്തുടർന്നാണ് ഹർജികൾ അടുത്ത ആഴ്ച ആദ്യം തന്നെ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.
കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബി.ജെ.പി. നേതാവ് ഷോൺ ജോർജ് ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്. 2025-ലെ പുതിയ നിയമഭേദഗതി പ്രകാരം മുസ്ലിങ്ങളല്ലാത്ത, കുറഞ്ഞത് രണ്ടംഗങ്ങളെങ്കിലും വഖഫ് ബോർഡിൽ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥയെന്ന് ഹർജിഭാഗം വാദിക്കുന്നു. എന്നാൽ ഈ നിയമഭേദഗതി അനുസരിച്ചുള്ള രണ്ടംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് പിണറായി വിജയൻ സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. ഇതിൽ നിയമലംഘനമുണ്ടെന്നും, മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്യാൻ സർക്കാരിന് ഉത്തരവ് നൽകണമെന്നുമാണ് ഷോൺ ജോർജ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സുപ്രീംകോടതിയുടെ വരാനിരിക്കുന്ന തീരുമാനം വഖഫ് ബോർഡിന്റെ പ്രവർത്തനത്തിൽ നിർണായകമാകും.



