കേന്ദ്രത്തിനെതിരായ പ്രതിഷേധം: പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ

കേന്ദ്ര സർക്കാരിന്റെ ‘ജനദ്രോഹ നയങ്ങൾ’ക്കെതിരെ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാൻ പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ സംസ്ഥാന നേതൃത്വം. കേരളത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകരെയും നേതാക്കളെയും രാജ്യ തലസ്ഥാനത്ത് എത്തിക്കുന്നതിനായാണ് റെയിൽവേയിൽ നിന്ന് പ്രത്യേക ട്രെയിൻ (സ്പെഷ്യൽ ചാർട്ടർ ട്രെയിൻ) ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനായുള്ള പ്രാഥമിക തുകയായി 9 ലക്ഷം രൂപ സിപിഐ നേതൃത്വം റെയിൽവേയ്ക്ക് അഡ്വാൻസ് നൽകിക്കഴിഞ്ഞു.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഡല്‍ഹിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് വലിയ തോതില്‍ പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ എത്തിക്കുക എന്നത് ട്രെയിനുകളിലെ തിരക്ക് കാരണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ട്രെയിന്‍ മുഴുവനായി വാടകയ്ക്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് പ്രവര്‍ത്തകരെ സ്വീകരിച്ച് ട്രെയിന്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ട്രെയിന്‍ സര്‍വീസിനായുള്ള ആകെ തുകയുടെ ആദ്യ ഗഡുവായാണ് ഒന്‍പത് ലക്ഷം രൂപ റെയില്‍വേയ്ക്ക് കൈമാറിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണവും കോച്ചുകളുടെ എണ്ണവും കണക്കാക്കി ബാക്കി തുക പിന്നീട് റെയില്‍വേ നിശ്ചയിക്കും.



