ഒന്നര വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ…..

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ള മുറിവുകൾ ആഴത്തിലുള്ളതായിരുന്നില്ലെന്നും, ജനറൽ അനസ്തീഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ യാതൊരു ആവശ്യവും അവിടെയില്ലായിരുന്നുവെന്നും പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് കുട്ടിയുടെ തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ പോയതാണ് മരണത്തിന് കാരണമായത്. അനസ്തീഷ്യ നൽകി വെറും പത്ത് മിനിറ്റിനകം തന്നെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും കുട്ടി ബോധരഹിതനാവുകയുമായിരുന്നു. തുടർന്ന് അഞ്ച് ദിവസത്തോളം അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷമാണ് ഒന്നര വയസ്സുകാരൻ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ചികിത്സയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്. എന്നാൽ നിലവിൽ ആരോപണവിധേയരായ ഈ മൂന്ന് ഡോക്ടർമാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർ ചോദ്യം ചെയ്യലിന് എത്രയും വേഗം ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിനോട് പോലീസ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചികിത്സാപ്പിഴവ് സംബന്ധിച്ച് അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കണ്ണൂർ ഡിഎംഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ പോലീസ് കുട്ടിയുടെ ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പ്രതികളായ ഡോക്ടർമാരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.

Related Articles

Back to top button