വാഹനങ്ങളിലെ അനാവശ്യ തിളക്കത്തിന് പൂട്ടിട്ട് ഹൈക്കോടതി…..

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ ശക്തമായ വിമർശനം. ആംബുലൻസുകളിൽ മാത്രം ഉപയോഗിക്കുന്ന പ്രത്യേക സ്‌ട്രോബ് ലൈറ്റുകൾ മറ്റ് സാധാരണ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയുടെ പ്രധാന നടപടി. ഇത്തരം ലൈറ്റുകൾ അത്യാഹിത വാഹനങ്ങളിൽ ഒപ്പമല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അനധികൃത വാഹന മോഡിഫിക്കേഷനുകൾ വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും, ഇത് നാലോ അഞ്ചോ പേരുടെ വരെ ജീവൻ ഒരേസമയം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പുകക്കുഴലിലൂടെ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാറിന്റെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. പൊലീസ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ലൈറ്റുകളും സൈറണുകളും വ്ലോഗർമാർ ഉൾപ്പെടെയുള്ളവർ തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് പൊതു സുരക്ഷയെ ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വാഹന മോഡിഫിക്കേഷനുകൾ തടയുന്നതിൽ സർക്കാർ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു. വിഷയത്തിൽ സംസ്ഥാന ഗതാഗത കമ്മീഷണറോട് ഹൈക്കോടതി ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്. കൂടാതെ, ഇക്കാര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നൽകണമെന്ന് ഡിവിഷൻബെഞ്ച് നിർദേശിച്ചു. ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനമായ അന്വേഷണം നടത്തണമെന്നും അടിയന്തര തുടർ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button