ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന് മലയാളി പെരുമ….

മലയാളക്കരയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ചുകൊണ്ട് ഡോ. അനിൽ മേനോൻ ബഹിരാകാശത്തേക്ക്. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാനുള്ള അദ്ദേഹത്തിന്റെ കുതിപ്പിന് തുടക്കം കുറിച്ചുകൊണ്ട് റഷ്യൻ നിർമിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. കസാഖിസ്താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് കുതിച്ചുയർന്ന പേടകത്തിൽ ഡോ. അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് യാത്രികരാണ് ഉള്ളത്.

കോസ്മോനോട്ട്സ് പ്യൂറോ ദുബ്രോവ്, അന്ന കികിന എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സോയൂസ് 2.1A റോക്കറ്റാണ് ഇവരെ വഹിച്ചുകൊണ്ടുള്ള വിക്ഷേപണ വാഹനം. മൂന്ന് മണിക്കൂർ ഒൻപത് മിനിട്ട് ദൈർഘ്യമുള്ള യാത്രയ്ക്ക് ഒടുവിൽ രാത്രി 11.26-ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഡോക് ചെയ്യും. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം നാളെ പുലർച്ചെ 1.26 ന് സോയൂസിൽ നിന്ന് അനിലും സംഘവും ഔദ്യോഗികമായി ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. എട്ട് മാസം നീളുന്ന ബഹിരാകാശ വാസത്തിനിടയിൽ നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളുമാണ് ഈ സംഘം പൂർത്തിയാക്കുക.

മെഡിസിനിലും എൻജിനീയറിങ്ങിലും ഒരേപോലെ ബിരുദമുള്ള ഡോ. അനിൽ മേനോൻ 2014-ൽ ഫ്ലൈറ്റ് സർജൻ ആയാണ് ആദ്യമായി നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്പേസ് എക്സുമായും ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, 2021-ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ യുഎസ് സ്പേസ് ഫോഴ്സിൽ ലെഫ്റ്റനന്റ് കേണൽ കൂടിയാണ് അനിൽ മേനോൻ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിനിയായ എലിസബത്തിന്റെയും മകനാണ് അനിൽ. അമേരിക്കയിലെ മിനിയപോളിസിലാണ് അനിൽ ജനിച്ച് വളർന്നതെങ്കിലും, അദ്ദേഹത്തിന്റെ ഈ ചരിത്ര നേട്ടം ലോകമെമ്പാടുമുള്ള മലയാളികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.

Related Articles

Back to top button