‘ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്’ തമിഴ്നാടിന്റെ പിന്തുണ തേടി ആഭ്യന്തരമന്ത്രി….

സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് അയൽസംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ നീക്കം സജീവം. പദ്ധതിക്ക് പിന്തുണ തേടി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ രാവിലെ 11.30-നാണ് ഇരുനേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
അതിർത്തികൾ കടന്നുള്ള ലഹരി കടത്ത് തടയുക, പ്രധാന ലഹരി കേന്ദ്രങ്ങൾ കണ്ടെത്തുക, ലഹരി മാഫിയയുടെ വ്യാപനം പൂർണ്ണമായി ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇരുസംസ്ഥാനങ്ങളുടെയും സംയുക്ത നീക്കത്തിനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുവരുത്തുകയാണ് ഈ ചെന്നൈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ലഹരി മാഫിയക്കെതിരെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും രമേശ് ചെന്നിത്തല ബാംഗ്ലൂരിൽ എത്തി കണ്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗവും തിരുവനന്തപുരത്ത് വിളിച്ചു ചേർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള നാളത്തെ കൂടിക്കാഴ്ച.



