രാത്രിയിലെത്തി കല്ലുമ്മക്കായ ചാക്കോടെ കടത്തി.. വീണ്ടും സീഫുഡ് കടയിൽ മോഷണം

കോഴിക്കോട്ടുകാർക്ക് മാത്രമല്ല, ഇവിടുത്തെ കള്ളന്മാർക്കും കല്ലുമ്മക്കായയോട് പ്രത്യേക പ്രിയമാണെന്ന് തോന്നുന്നു! ചാലിയത്തെ ഒരു പ്രമുഖ സീഫുഡ് കടയിൽ നിന്നും രാത്രിയുടെ മറവിൽ കല്ലുമ്മക്കായ മോഷ്ടിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചാലിയം ഇല്ലിക്കൽ സീഫുഡ് കടയിലാണ് വീണ്ടും മോഷണം നടന്നത്. കടയുടമയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.
ഹെൽമറ്റ് ധരിച്ച ആൾ കടയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപും ഇതേ കടയിൽ വച്ച് ഒരു ലക്ഷത്തോളം രൂപയുടെ കല്ലുമ്മക്കായ മോഷണം പോയിരുന്നു. അതിന് ശേഷമാണ് സിസിടിവി സ്ഥാപിച്ചത്. ചാലിയത്തെ വിവിധ കടകളിൽ കല്ലുമ്മക്കായ മോഷണം പതിവാണെന്ന് കടയുടമകൾ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.




