സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും… കേന്ദ്ര സർക്കാർ

രാജ്യത്തെ സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദഗ്ദ്ധ സമിതി ശിപാര്‍ശ ചെയ്യുന്ന പ്രകാരം പ്രായത്തിന് അനുസൃതമായ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിക്കുമെന്നും, കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഇത് നടപ്പിലാക്കുമെന്നുമാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. പുതിയ തീരുമാനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്‍പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അംഗീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും കോടതിയുടെ അന്തിമ അനുമതി ലഭിച്ചാല്‍ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ ബോധിപ്പിച്ചത്. 26 അംഗ വിദഗ്ദ സമിതിയുടേതാണ് ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനും ലൈംഗിക വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്നതാണ് പാഠ്യപദ്ധതി. പ്രായത്തിന് അനുസൃതമായ ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം, സമ്മതം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അവബോധം, വ്യക്തിഗത സുരക്ഷയും സംരക്ഷണവും, നല്ലതും മോശവുമായ സ്പര്‍ശനങ്ങള്‍, സ്വന്തം ശരീരത്തെ കുറിച്ചുള്ള അവബോധം, ശുചിത്വം, കൗമാരകാലത്തെ മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കല്‍ എന്നിവയെല്ലാമായിരിക്കും പുതിയ സിലബസിൽ പ്രധാനമായും ഉള്‍പ്പെടുത്തുക.
ലൈംഗിക വിദ്യാഭ്യാസം കുട്ടികളിലേക്ക് കൃത്യമായി എത്തിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെ വിദ്യാലയങ്ങളിൽ നിയമിക്കാൻ കമ്മിറ്റി ശിപാർശ ചെയ്യുന്നുണ്ട്. വിഷയത്തില്‍ സ്കൂളുകളിൽ ആഴ്ചയില്‍ രണ്ടുതവണ, 15 മുതല്‍ 20 മിനിറ്റ് വരെ നീളുന്ന ക്ലാസുകള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, കുട്ടികളുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലുകളെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിക്കുന്നതിനായി രക്ഷിതാക്കൾക്ക് പ്രത്യേക ബോധവല്‍ക്കരണ സെഷനുകള്‍ സംഘടിപ്പിക്കണമെന്നും സമിതിയുടെ ശിപാര്‍ശയിലുണ്ട്.



