ഓണം പൊടിപൊടിക്കും… ഓണവിപണി ഒരുക്കാൻ സപ്ലൈകോയ്ക്ക് 200 കോടി… മഞ്ഞക്കാർഡുകാർക്ക്….

സംസ്ഥാനത്ത് ഓണവിപണി സജീവമാക്കുന്നതിനും കാര്യക്ഷമമായ വിപണി ഇടപെടലുകൾക്കുമായി സപ്ലൈകോയ്ക്ക് 200 കോടി രൂപയും, എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി 53 കോടി രൂപയും ഉൾപ്പെടെ ആകെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്‍ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ചരിത്രപരമായ ഈ നടപടി.

മുന്‍ സര്‍ക്കാരുകളൊന്നും തന്നെ ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മാധ്യമങ്ങളെ അറിയിച്ചു. ഇത്തവണത്തെ പുതുക്കിയ ബജറ്റില്‍ സപ്ലൈകോയ്ക്കായി ആകെ 315 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 20 കോടി രൂപ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ അനുവദിച്ച അടിയന്തര തുക ചെലവഴിച്ചശേഷം വീണ്ടും കൂടുതല്‍ തുക ആവശ്യമായി വരികയാണെങ്കില്‍ സര്‍ക്കാരിനെ വീണ്ടും സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിലക്കയറ്റം കർശനമായി നിയന്ത്രിക്കാനും സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ ശക്തമാക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് അടിയന്തരമായി തുക അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. സർക്കാർ ധനസഹായം ലഭ്യമാക്കിയതോടെ ഇത്തവണ വിപുലമായ രീതിയിലുള്ള ഓണച്ചന്തകളും വിപണി ഇടപെടലുകളും നടത്താനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.

Related Articles

Back to top button