യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ… മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞത്….

കൊച്ചി: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതി കുടക് സ്വദേശി അബ്‌ദുൾ നാസറിനെ കൊച്ചിയിൽ നിന്ന് എൻഐഎ പിടികൂടി. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ കൊച്ചി പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് അന്വേഷണസംഘം രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരിലെയും കൊച്ചിയിലേയും എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാൾ ഇപ്പോൾ പിടിയിലായത്.

യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗമായിരുന്ന പ്രവീൺ നെട്ടാരുവിനെ(26) കൊലപ്പെടുത്തിയ ശേഷം അബ്ദുൾ നാസർ കേരളത്തിലേക്ക് കടക്കുകയും കൊച്ചിയിൽ ഒളിവിൽ കഴിയുകയുമായിരുന്നു. ഈ കേസിൽ ഇതുവരെ 19 പേർ അറസ്റ്റിലായിട്ടുണ്ട്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് (പിഎഫ്ഐ) കൊലപാതകത്തിൽ കൃത്യമായ പങ്കുണ്ടെന്ന് എൻഐഎ മുൻപ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടായിരുന്നു ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എൻഐഎ കണ്ടെത്തിയിരുന്നു.

2022 ജുലൈ 26നാണ് രാജ്യത്താകെ ചർച്ചയായ കൊലപാതകം നടന്നത്. സുള്ള്യക്കടുത്ത ബെല്ലാരെയിൽ വെച്ചായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിവരികയായിരുന്നു പ്രവീൺ. രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

Related Articles

Back to top button