ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് ക്രൂരത… അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ….

മലപ്പുറം: കൽപ്പകഞ്ചേരിയിൽ ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. മലപ്പുറം കൽപ്പകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കണ്ടറി സ്കൂളിലെ കണക്ക് അധ്യാപകനും വടകര സ്വദേശിയുമായ ബൽരാജിനെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ബൽരാജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ച് അധ്യാപകൻ കുട്ടിക്ക് നേരെ ചൂരൽ പ്രയോഗിക്കുകയായിരുന്നു. വടികൊണ്ടുള്ള ശക്തമായ അടിയേറ്റ് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു. കുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും സ്കൂളിലെ അധ്യാപകർ ആരും തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പരിക്കേറ്റ കുട്ടിയെ അധ്യാപകർ ചേർന്ന് വീട്ടിലെത്തിക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ അധ്യാപകനെതിരെ കുടുംബം ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.



