ഗവൺമെന്റ് പ്ലീഡർ നിയമനം; സർക്കാരിനും, മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത് തുടർന്ന് ലോയേഴ്സ് കോൺഗ്രസ്. ഇതുമായി ലോയേഴ്സ് കോൺഗ്രസ് തിരൂർ താലൂക്ക് കമ്മറ്റിയുടെ വാട്സാപ്പ് ചർച്ചയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രി വിഡി സതീശൻ ചെയ്യുന്നതിൽ പകുതിയും പാർട്ടി വിരുദ്ധമാണെന്നാണ് പ്രധാന വിമർശനം. ഭയങ്കര ജനാധിപത്യ ബോധം ഉള്ള സംവിധാനമാണ് യുഡിഎഫ് എന്നും പരിഹാസമുണ്ട്. കെപിസിസിയ്ക്ക് നാഥൻ ഇല്ലാതെ ആയെന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി. പൂക്കി സർക്കാർ പട്ടി വില നൽകുന്നില്ലെന്ന പരിഹാസവും ഉയർന്നു.
നേരെത്തെയും അഭിഭാഷക നിയമനത്തിനെതിരെ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് അഭിഭാഷകരുടെ സംഘടനനായ ലോയേഴ്സ് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. .എസ്എഫ്ഐ പ്രവർത്തകരേയും സംഘപരിവാർ അനുകൂല അഭിഭാഷകരേയും ഗവൺമെന്റ് പ്ലീഡർമാരായി നിയമിക്കുന്നു എന്നതാണ് കോൺഗ്രസ് അഭിഭാഷക സംഘടന ഉയർത്തുന്ന വിമർശനം. മിനിമം നിയമിക്കുന്നവർക്ക് കോൺഗ്രസിലോ ലോയേഴ്സ് കോൺഗ്രസിലോ മെമ്പർഷിപ്പ് കൊടുത്തുകൂടെ എന്നുമാണ് കോൺഗ്രസ് അഭിഭാഷകർ ചോദിക്കുന്നത്. ഏറെക്കാലമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നവരെ തഴഞ്ഞാണ് ഇപ്പോഴുള്ള നിയമനമെന്നും ഇവർ ആരോപിക്കുന്നു.
എന്തായാലും സർക്കാർ അഭിഭാഷക നിയമനത്തിൽ കോൺഗ്രസിൽ വലിയ അതൃപ്തി പുകയുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആറന്മുള എംഎൽഎ അബിൽ വർക്കി അടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ നേതാവിനെ ഗവ. പ്ലീഡറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഇന്നലെ രംഗത്ത് വന്നിരുന്നു. നിയമനത്തിൽ സർക്കാർ പുനരാലോചനയ്ക്ക് തയ്യാറാകിയോക്കില്ല എന്ന വിലയിരുത്തലിലാണ് അതിരൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തിയത്.




