സുകുമാരക്കുറുപ്പ് 2017ലും ജീവിച്ചിരുന്നു, മകളുടെ വിവാഹത്തിന് കേരളത്തിലുമെത്തി… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി…

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള അന്വേഷണത്തിൽ വൻ അട്ടിമറി നടന്നതായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബറിന്റെ വെളിപ്പെടുത്തൽ. സുകുമാരക്കുറുപ്പ് കേസിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സമർപ്പിച്ച നിർണായക റിപ്പോർട്ട് ഉന്നതർ പൂഴ്ത്തിയതായാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2017ലും സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും, മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അയാൾ കേരളത്തിലെത്തിയെന്നും അലി അക്ബർ പറഞ്ഞു.
കേരള പൊലീസിന്റെ കഴിവുകേടുകൊണ്ടോ സ്വന്തം സാമർഥ്യം കൊണ്ടോ ആണ് സുകുമാരക്കുറുപ്പ് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞതെന്ന പൊതുവായ നരേറ്റീവിനെ പൂർണ്ണമായും തള്ളിപ്പറയുന്നതാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ വാക്കുകൾ. ഒളിവിൽ കഴിയാൻ സുകുമാരക്കുറുപ്പിന് രാഷ്ട്രീയ രംഗത്തുനിന്നും പൊലീസിൽ നിന്നും ശക്തമായ സഹായം ലഭിച്ചിരുന്നു. ചില ഉന്നത ബന്ധങ്ങളും അവരുടെ സഹായവും കൊണ്ട് മാത്രമാണ് അയാൾ രക്ഷപ്പെട്ടത്. കുറുപ്പ് ജീവനോടെയുണ്ടെങ്കിൽ പൊലീസിന് കണ്ടെത്താൻ കഴിയുന്ന എല്ലാ തെളിവുകളും താൻ ശേഖരിച്ചിരുന്നതാണ്. എന്നാൽ ആ റിപ്പോർട്ട് പൂഴ്ത്തപ്പെടുകയായിരുന്നു.
2017ൽ കുറുപ്പിന് 71 വയസായിരുന്നു പ്രായം. അന്നും ജീവനോടെയുണ്ടായിരുന്ന അയാൾ ഒരു മുസ്ലിം പേര് സ്വീകരിച്ച് ഗൾഫ് രാജ്യത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇതിന് കൃത്യമായ സാക്ഷിമൊഴികളുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടന്ന മൂന്ന് പ്രധാനപ്പെട്ട കുടുംബ ചടങ്ങുകളിൽ കുറുപ്പ് നേരിട്ട് പങ്കെടുത്തതായും അലി അക്ബർ കണ്ടെത്തിയിരുന്നു. സുകുമാരക്കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബം ഗൾഫിലാണ് ജീവിക്കുന്നത്. കൂടാതെ കേരളത്തിൽ കുറുപ്പിന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. എന്നാൽ അതൊന്നും ആരും തിരിഞ്ഞുപോലും നോക്കുന്നില്ല എന്നതിൽ ദുരൂഹതയുണ്ടെന്നും, കുറുപ്പിന് ബന്ധുക്കളിൽ നിന്നുൾപ്പെടെ വലിയ രീതിയിൽ സഹായം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷ്ണപിള്ള സ്മാരക ആക്രമണ കേസ്, ജിഷ്ണു പ്രണോയ് കേസ് എന്നിവയിലെല്ലാം നിർണായക തെളിവുകൾ കണ്ടെത്തി കേരളത്തിലെ പല പ്രമാദമായ കേസുകളും തെളിയിച്ച ഉദ്യോഗസ്ഥനാണ് അലി അക്ബർ. 1984 ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിൽ പോകുന്നത്. കുറുപ്പിനെ പലയിടങ്ങളിലും കണ്ടതായി പല കാലങ്ങളിൽ പൊലീസിന് സന്ദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും നാളിതുവരെ നടത്തിയ തിരച്ചിലുകളെല്ലാം വ്യർഥമാകുകയായിരുന്നു. ഏറെക്കാലം മറവിയിലാണ്ടുപോയ സുകുമാരക്കുറുപ്പ് കേസ്, പിന്നീട് ദുൽഖർ സൽമാൻ നായകനായെത്തിയ ‘കുറുപ്പ്’ എന്ന സിനിമയ്ക്ക് ശേഷമാണ് വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ ദുരൂഹതകൾ നിലനിൽക്കെയാണ് ഇപ്പോൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് തന്നെ നിർണായകമായ ഈ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.



