രാഷ്ട്രീയക്കാരെ സംരക്ഷിക്കാൻ നോക്കിയാൽ നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാകില്ല… കെ. ബിജു ഐഎഎസിനോട്….

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ ഉദ്യോഗസ്ഥർക്കും സർക്കാരിനുമെതിരെ അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. കേസിൽ കോടതിയിൽ നേരിട്ട് ഹാജരായ മുതിർന്ന ഉദ്യോഗസ്ഥൻ കെ. ബിജു ഐഎഎസിനോട്, രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ഒടുവിൽ ആരും വരില്ലെന്നും സർക്കാരും കൂടെയുണ്ടാകില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ കർശന മുന്നറിയിപ്പ് നൽകി. കോടതിയലക്ഷ്യമുണ്ടാക്കുന്ന വാചകങ്ങളാണ് ഉദ്യോഗസ്ഥൻ ഇറക്കിയ ഉത്തരവിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെ കെ. ബിജു കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു.

മുൻ പിണറായി സർക്കാരിന്റെ കാലത്ത് മൂന്നുതവണ പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ച് ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെ വിചാരണയിൽ നിന്ന് സംരക്ഷിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ, പുതിയ സർക്കാരിന്റെ കാലത്ത് പ്രൊസിക്യൂഷൻ അനുമതി നൽകിയെങ്കിലും, അതിനുശേഷം ഉണ്ടായ അനാവശ്യ ഇടപെടലുകളിലാണ് ഹൈക്കോടതി ഇപ്പോൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രണ്ടു തവണയായിട്ടാണ് കശുവണ്ടി അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതി പരിഗണിച്ചത്. നിലവിൽ കശുവണ്ടി വികസന വകുപ്പിന്റെ ചുമതലയുള്ള കെ. ബിജു ഐഎഎസും, നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഹമ്മദ് അനീഷും നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. വിവാദ ഉത്തരവ് തയ്യാറാക്കിയ കെ. ബിജുവിനോടായിരുന്നു കോടതിയുടെ പ്രധാന ചോദ്യങ്ങൾ.

“കോടതിയെ അധിക്ഷേപിക്കുന്ന ഭാഗങ്ങൾ എങ്ങനെയാണ് ഉത്തരവിന്റെ ഭാഗമായത്? നിങ്ങൾക്കെങ്ങനെ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കാൻ കഴിഞ്ഞു?” എന്ന് ഹൈക്കോടതി നേരിട്ട് ചോദിച്ചു. തനിക്ക് വലിയ പിശകുപറ്റിപ്പോയെന്നും നിരുപാധികം മാപ്പ് നൽകണമെന്നും കെ. ബിജു അപേക്ഷിച്ചു. തുടർന്ന് പ്രതികൾക്ക് പ്രൊസിക്യൂഷൻ അനുമതി നൽകിയിട്ടുള്ള വകുപ്പിന്റെ ഫയൽ മന്ത്രിസഭയിൽ ആരൊക്കെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ എന്നും ഹൈക്കോടതി കെ. ബിജുവിനോട് ചോദിച്ചു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായാണോ വിവാദ ഭാഗങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയത് എന്ന് കോടതി കൃത്യമായി പരിശോധിച്ചു. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കെ. ബിജു കോടതിയിൽ സമർപ്പിച്ചു. എന്നാൽ, ‘മനസ്സിരുത്തിയാണ് ആ ഉത്തരവ് തയ്യാറാക്കിയത്’ എന്ന ഭാഗം സത്യവാങ്മൂലത്തിൽ ഇല്ലാത്തതിനാൽ കോടതി അത് സ്വീകരിക്കാതെ മടക്കിയയച്ചു. അതുകൂടി ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

സർക്കാർ നൽകുന്ന നിർദേശങ്ങളിൽ നിയമപരമായ തെറ്റുകളുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അതിൽ തങ്ങളുടെ വിയോജിപ്പ് കൃത്യമായി എഴുതിവെക്കണമെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമല്ലാത്ത ഉത്തരവുകൾ ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി ഐഎഎസ് ഉദ്യോഗസ്ഥർ ഇറക്കരുത്. നിയമവിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ അതിൽ വിയോജിപ്പ് രേഖപ്പെടുത്താൻ ഐഎഎസ് ഉദ്യോഗസ്ഥന് ധൈര്യമുണ്ടാകണം എന്ന് വ്യക്തമാക്കിയ കോടതി, സർക്കാരിന്റെ കൈയിലെ വെറുമൊരു ആയുധമായി ഉദ്യോഗസ്ഥർ മാറരുതെന്നും കെ. ബിജുവിന് കർശന നിർദേശം നൽകി. കേസ് അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Related Articles

Back to top button