കേരളത്തിൽ മഴ മുന്നറിയിപ്പുകളില്‍ മാറ്റം… 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വടക്കൻ കേരളത്തിൽ ജാഗ്രത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വയനാടിന് പുറമേ എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലൊഴികെ സംസ്ഥാനത്തെ മറ്റ് ഒട്ടുമിക്ക ഇടങ്ങളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ കാറ്റ് ശക്തമായതും ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് നിലവിൽ സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 204 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വയനാട്ടിൽ ഇന്ന് രാവിലെ മുതൽ തന്നെ ഒറ്റപ്പെട്ട രീതിയിൽ മഴ പെയ്യുന്നുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ ജില്ലകളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

അതിനിടെ, വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ദുരന്തം സ്വാഭാവികമായ ഒരു മണ്ണിടിച്ചിൽ അല്ലെന്ന് ഐഎംഡി ഡയറക്ടർ നീത കെ ഗോപാൽ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുൻകരുതലുകൾ കർശനമായി തുടരണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button