ആറ് പന്തിൽ 13 റൺസ്, മൂന്ന് ഫോറുകൾ… അഭിഷേകിന് നൽകിയ വാക്ക് പാലിച്ച്….

ഇൻഡോർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ അവസാന ഓവറിൽ ബാറ്റുകൊണ്ട് തിളങ്ങിയ ഇന്ത്യൻ പേസർ പ്രിൻസ് യാദവിന്റെ പ്രകടനത്തിന് പിന്നിലെ രഹസ്യം പുറത്ത്. അഭിഷേക് ശർമയുടെ ബാറ്റുമായാണ് താൻ ക്രീസിലെത്തിയതെന്ന് പ്രിൻസ് മത്സരശേഷം വെളിപ്പെടുത്തി. പത്താം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ താരം ആറ് പന്തിൽ 13 റൺസാണ് നേടിയത്. മൂന്ന് ഫോറുകളും പ്രിൻസിന്റെ ബാറ്റിൽനിന്ന് പിറന്നു. ഷമാർ ജോസഫ് എറിഞ്ഞ 20-ാം ഓവറിലായിരുന്നു പ്രിൻസിന്റെ ബാറ്റിങ് വെടിക്കെട്ട്. ആദ്യ പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയിലെത്തിച്ച താരം മൂന്നാം പന്ത് സ്കൂപ്പ് ഷോട്ടിലൂടെ ലെഗ് സൈഡിലേക്ക് പായിച്ച് വീണ്ടും ഫോർ നേടി.
നാലാം പന്തിലും ബൗണ്ടറി കണ്ടെത്തിയതോടെ ഇന്ത്യൻ ഡഗ്ഔട്ടിലിരുന്ന സഞ്ജു സാംസണും കുൽദീപ് യാദവും അമ്പരപ്പോടെ കൈയടിക്കുന്നതും വായ പൊത്തിപ്പിടിക്കുന്നതും ശ്രദ്ധേയമായി. മത്സരശേഷം തന്റെ ബാറ്റിങ്ങിന് പിന്നിലെ കഥയും പ്രിൻസ് വെളിപ്പെടുത്തി. അഭിഷേക് ശർമ നേരത്തെ തനിക്ക് ബാറ്റ് നൽകിയിരുന്നുവെന്നും അതിന്റെ പേര് കളയരുതെന്ന് പറഞ്ഞിരുന്നുവെന്നും പ്രിൻസ് പറഞ്ഞു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീൽഡിങ്ങിലൂടെയും ടീമിന് സംഭാവന നൽകാൻ കഴിയുന്നത് വലിയ സന്തോഷമാണെന്നും അഭിഷേകിന് നൽകിയ വാക്ക് പാലിക്കാനായെന്നും താരം വ്യക്തമാക്കി. പ്രിൻസിന്റെ ബാറ്റിങ് മികവിനെ അഭിഷേക് ശർമയും പ്രശംസിച്ചു. ഡൽഹിയിൽ നടക്കുന്ന ‘സിംഗിൾ ഫട്ടി’ മത്സരങ്ങളിൽ പ്രിൻസ് പ്രശസ്തനാണെന്നും അവിടെ ബാറ്റ് ചെയ്യുകയും പന്തെറിയുകയും വേണമെന്നും അഭിഷേക് പറഞ്ഞു. സിക്സും ഫോറും നേടാനുള്ള പ്രതിഭ പ്രിൻസിനുണ്ടെന്നും അതിന്റെ ചെറിയൊരു കാഴ്ച മാത്രമാണ് മത്സരത്തിൽ കണ്ടതെന്നും ഭാവിയിൽ കൂടുതൽ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നതായും അഭിഷേക് കൂട്ടിച്ചേർത്തു.




