ബഹിരാകാശത്തേക്ക് റോബോട്ടിക് കൈയും ശാസ്ത്രജ്ഞരുടെ ഇത്തിരിക്കുഞ്ഞൻ പ്രതിമകളും… വിക്രം 1 കുതിക്കാൻ ഒരുങ്ങുന്നു…

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. മുൻനിര സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ (Skyroot Aerospace) ‘വിക്രം 1’ (Vikram 1) റോക്കറ്റിന്റെ വിക്ഷേപണം ജൂലൈ 12-നും ആഗസ്റ്റ് 4-നുമിടയിലുള്ള ദിവസങ്ങളിൽ നടക്കും. ‘മിഷൻ ആഗമൻ’ (Mission Aagaman) എന്ന് പേരിട്ടിരിക്കുന്ന ഈ അഭിമാന ദൗത്യത്തിലൂടെ നാല് പ്രമുഖ പേലോഡുകളാണ് സ്കൈറൂട്ട് ബഹിരാകാശത്തേക്ക് എത്തിക്കുന്നത്.

പൂർണ്ണമായും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച വിക്രം 1 റോക്കറ്റിന്റെ വിക്ഷേപണ തീയതി അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ശാസ്ത്രലോകം വലിയ ആകാംഷയോടെയാണ് ഈ ദൗത്യത്തെ നോക്കിക്കാണുന്നത്. മിഷൻ ആഗമന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിക്കുന്ന പ്രധാന സാങ്കേതിക പേലോഡുകൾ ഇവയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഗ്രഹാ സ്പേസിന്റെ ‘സോളാരസ് എസ് ത്രീ’ (Solarus S3), മറ്റൊരു പ്രമുഖ സ്റ്റാർട്ടപ്പായ കോസ്മോവേഴ്സ് സ്പേസ് വികസിപ്പിച്ചെടുത്ത ‘എംബ്രേസ്’ (Embrace) എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ റോബോട്ടിക് കൈ, സ്കൈറൂട്ട് എയറോസ്പേസിന്റെ സ്വന്തം സാങ്കേതികവിദ്യയായ ‘സ്കോപ്പ് സാറ്റ്’ (ScopeSat), ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതികവിദ്യ പരീക്ഷണ സംവിധാനങ്ങൾ.

സാങ്കേതിക പേലോഡുകൾക്ക് പുറമെ, ഇന്ത്യൻ ശാസ്ത്രലോകത്തെ മഹാരഥന്മാർക്കുള്ള ആദരസൂചകമായി ചില സവിശേഷ ശിൽപ്പങ്ങളും ഈ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്. ഇന്ത്യയുടെ അഭിമാന ശാസ്ത്രജ്ഞരായ വിക്രം സാരാഭായ്, സർ സി.വി. രാമൻ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ മൈക്രോ ശിൽപ്പങ്ങളാണ് റോക്കറ്റിലുണ്ടാവുക. പ്രശസ്ത ലഘുശിൽപ്പി അജയ് കുമാർ മട്ടേവാഡ തയ്യാറാക്കിയ അത്ഭുത കലാസൃഷ്ടികളാണ് ദൗത്യത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഒരു ചെറിയ അരിമണിയേക്കാൾ വലിപ്പം കുറഞ്ഞതാണ് ഈ ശിൽപ്പങ്ങൾ എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് വൻ കുതിപ്പേകുന്ന വിക്രം 1-ന്റെ വിക്ഷേപണം വിജയകരമാകുന്നതോടെ ആഗോള വാണിജ്യ ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ സ്വാധീനം ഇനിയും വർദ്ധിക്കും.

Related Articles

Back to top button