പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം… നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ

രാജ്യത്ത് വീണ്ടുമൊരു പാർലമെന്റ് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. പാർലമെന്റിന്റെ ഏറ്റവും നിർണായകമായ വർഷകാല സമ്മേളനം ഈ മാസം 20-ന് ആരംഭിക്കും. ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ആകെ 19 പ്രവർത്തി ദിനങ്ങളാണുള്ളത്. ഭരണഘടനാ ഭേദഗതി ബില്ലുകൾ അടക്കമുള്ള നിർണായക നിയമനിർമ്മാണങ്ങൾ സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി തന്നെ ടിഎംസി, ശിവസേന ഉദ്ദവ് പക്ഷം എന്നിവയുടെ പിളർപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്പീക്കറുടെ അന്തിമ തീരുമാനം ഉണ്ടാകും.
ജയിൽ ശിക്ഷ വിധിച്ചാൽ മന്ത്രിസ്ഥാനം നഷ്ടമാകുന്ന ഭരണഘടനയുടെ 130-ാം ഭേദഗതി ബില്ല് സമ്മേളന കാലയളവിന്റെ തുടക്കത്തിൽ തന്നെ ചർച്ചയ്ക്ക് എടുത്തേക്കും. ഈ മാസം 17-ന് ഈ ബില്ലിൽ ജെപിസിയുടെ (സംയുക്ത പാർലമെന്ററി കമ്മിറ്റി) റിപ്പോർട്ട് അംഗീകരിക്കും. ഇതിന് പുറമെ, കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണം മാറ്റിവെച്ച എഫ്സിആർഎ (FCRA) ചട്ട ഭേദഗതി ബില്ലും ഇത്തവണ സഭയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സമ്മേളനത്തിൽ ബിജെപിക്ക് ആവശ്യത്തിന് അംഗബലമില്ലാത്തതിനാൽ പാസാകാതെ പോയ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സഭയിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ സജീവമാണ്.
ടിഎംസിയുടെയും ശിവസേന ഉദ്ദവ് പക്ഷത്തെയും പിളർപ്പിൽ വിമതർക്ക് അനുകൂലമായി സ്പീക്കർ നിലപാട് എടുക്കുമോ എന്ന കാര്യത്തിൽ വലിയ ആകാംക്ഷയാണ് നിലനിൽക്കുന്നത്. ഡിഎംകെ ഇന്ത്യ സഖ്യം വിട്ട പശ്ചാത്തലത്തിൽ സഭയ്ക്കകത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളാണ് ഇപ്പോൾ ഉരുത്തിരിയുന്നത്. അതേസമയം, നീറ്റ് യുജി ചോദ്യപേപ്പർ ക്രമക്കേടും അയോധ്യ സംഭാവന കൊള്ളയും ഉൾപ്പെടെയുള്ള പ്രമുഖ വിഷയങ്ങൾ ഉയർത്തി ഭരണകക്ഷിയെ മുൾമുനയിൽ നിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.



