ബസിന് മുന്നിലേക്ക് വട്ടംചാടിയത് ചോദ്യം ചെയ്തു… പിന്തുടർന്നെത്തി തമിഴ്‌നാട് ആർടിസി ബസിന് നേരെ…….

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ യുവാവിന്റെ അതിക്രമം. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ പുലിയൂര്‍ശാഖയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഈ ആക്രമണത്തിന് തൊട്ടുമുന്‍പ് ബസ് ജീവനക്കാരും ബൈക്കിലെത്തിയ യുവാവുമായി റോഡിൽ വെച്ച് കടുത്ത തര്‍ക്കമുണ്ടായിരുന്നു. യുവാവ് ബസിന് മുന്നിലേക്ക് അപകടകരമായ രീതിയിൽ വട്ടം ചാടിയത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തതായിരുന്നു തർക്കത്തിന് കാരണം.
ഇതിൽ പ്രകോപിതനായ യുവാവ് ബസിനെ പിന്തുടര്‍ന്നെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ചുടുകട്ട ഉപയോഗിച്ചാണ് യുവാവ് ബസിന് നേരെ എറിഞ്ഞത്. കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നുപോയി. ആക്രമണം നടക്കുമ്പോൾ ബസിനുള്ളിൽ എട്ട് യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി. മാര്‍ത്താണ്ഡത്തു നിന്നും പനച്ചുമൂട്ടിലേക്ക് സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ആര്‍ടിസി ബസാണ് ഇത്തരത്തിൽ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ കെഎസ്ആർടിസി ജീവനക്കാരുടെ പരാതിയിൽ വെളളറട പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ കൃത്യമായ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.



