ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം…

കനത്ത മഴയുടെ പശ്ചാത്തലത്തിൽ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് നിലവില്‍ വൈകിട്ട് നാല് മണിക്ക് (03.07.2026 വൈകുന്നേരം 4 മണിക്ക്) 418.20 മീറ്ററായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രസ്റ്റ് ലെവലില്‍ (419.40 മീറ്റര്‍) നിയന്ത്രിച്ചു നിര്‍ത്താനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 419.40 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.



