തോക്കുചൂണ്ടലും കണ്ണ് തകർത്തതിലുള്ള പ്രതികാരവും… ആലപ്പുഴയിലെ വധശ്രമത്തിന് പിന്നിൽ….

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട്ട് ഗുണ്ടാ കുടിപ്പകയെ തുടർന്ന് യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പൊലീസ് പിടിയിൽ. മണ്ണാറശാല രാധം ഹൗസിൽ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വഴുവേലിൽ തറയിൽ അരുൺകുമാർ (അപ്പൂസ്–28), ഹരിപ്പാട് വെട്ടുവെനി കിഴക്കേടാമ്പള്ളി തേക്കതിൽ അഖിൽ റോയ് (28) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. തിങ്കളാഴ്ച രാത്രി പുളിക്കീഴ് ജങ്ഷന് കിഴക്കുവശത്ത് വെച്ചായിരുന്നു ക്രൂരമായ വധശ്രമം നടന്നത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കുമാരപുരം ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നന് (30) നേരെയാണ് പ്രതികൾ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്. തലയുടെ പുറകിലും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ വിഷ്ണു പ്രസന്നൻ നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ്.
കഴിഞ്ഞ ഫെബ്രുവരി 21-ന് പുളിക്കീഴ് ജങ്ഷനിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് ഈ ആക്രമണത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അന്ന് വിഷ്ണു പ്രസന്നൻ നടത്തിയ ആക്രമണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിഷ്ണു സത്യന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം രാത്രി കാറിലെത്തിയ സംഘം വിഷ്ണു പ്രസന്നനെ തടഞ്ഞുനിർത്തി വെട്ടിയത്. അക്രമത്തിന് ഉപയോഗിച്ച വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രതികൾ മാന്നാർ എണ്ണയ്ക്കാട് ആറ്റിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അഗ്നിശമന സേനയുടെ സഹായത്തോടെ ആറ്റിൽ നിന്ന് ആയുധങ്ങൾ കണ്ടെത്താനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ കെ അജിത്, പി ശ്രീകുമാർ, രഞ്ജിത്ത്, എഎസ്ഐ എസ് ഗോപകുമാർ, സീനിയർ സിപിഒമാരായ സാജിദ്, അനീഷ് കുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ഗിരീഷ് ലാൽ, ഇയാസ്, സിപിഒ നജി എന്നിവരുമുണ്ടായിരുന്നു.



