ഗർഭകാല പരിശോധനയ്ക്ക് പോയ മൂന്നംഗ കുടുംബത്തെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്…

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് ഗർഭകാല പരിശോധനയ്ക്കായി ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും കാണാതായ സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. കഴിഞ്ഞ മാസം കാണാതായ കഴക്കൂട്ടം പുല്ലാട്ടുകരിയിൽ താമസിക്കുന്ന അനീഷ് (26), ഭാര്യ അഖില (24), മകൻ അദ്വൈത് (അഞ്ച്‌) എന്നിവരെ 17 ദിവസങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് കഴക്കൂട്ടം പൊലീസ് കണ്ടെത്തിയത്. ജൂൺ 16 മുതൽ കാണാതായ കുടുംബത്തെക്കുറിച്ച് അഖിലയുടെ സഹോദരൻ സൂരജ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിവന്നിരുന്നത്.

അഖില സ്വന്തം അമ്മയുമായി ഏറെ നാളായി പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റാനായി താൻ ഗർഭിണിയാണെന്ന് അഖില അമ്മയോട് കള്ളം പറയുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ ഈ കള്ളം പുറത്തറിയുമെന്ന സാഹചര്യമായി. ഇതോടെയാണ് ഗർഭകാല പരിശോധനയ്ക്കെന്ന വ്യാജേന ഇവർ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചത്. ജൂൺ 16-ന് രാവിലെ അഖിലയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെന്ന് അനീഷ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ രാത്രിയോടെ ഫോൺ വിളിച്ചപ്പോൾ തങ്ങൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണെന്ന് പറയുകയും തൊട്ടുപിന്നാലെ ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആകുകയുമായിരുന്നു.

മറ്റുവഴികളില്ലാതെ തമിഴ്‌നാട്ടിലെ മധുരയിലെത്തിയ കുടുംബം അവിടെ അഖിലയുടെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി അനീഷ് അവിടെ പെയിന്റിങ് ജോലിക്കും പോയിത്തുടങ്ങി. ദമ്പതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെ, അനീഷ് തന്റെ മൊബൈൽ ഫോൺ ഓൺ ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇവർ മധുരയിലുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചു. തുടർന്ന് കഴക്കൂട്ടം പൊലീസ് മധുരയിലെത്തി മൂന്നംഗ കുടുംബത്തെയും സുരക്ഷിതമായി നാട്ടിലെത്തിക്കുകയായിരുന്നു. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button