വയോധികൻ്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവം….ഗുണ്ടാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് ബേപ്പൂരിൽ വയോധികൻ്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവത്തിൽ കെസെടുത്ത് പൊലീസ്. ഗോതീശ്വരം സ്വദേശി കുനിച്ചികണ്ടം നിലംപറമ്പ് രതീഷ് എന്ന റെമോയ്ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഗുണ്ടാ നേതാവാണെന്ന് പൊലീസ് അറിയിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തളർന്ന് വീണ അഭയകുമാറിന്റെ പണം കവരുകയായിരുന്നു.
സഹായിക്കാനെന്ന വ്യാജേനെ എത്തിയാണ് ഗുണ്ടാ നേതാവ് മോഷണം നടത്തിയത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്ന പൊലീസ്, മാധ്യമ വാർത്തകൾക്ക് പിറകെയാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സഹകരണ ബാങ്കിൽ നിന്ന് പെൻഷൻ തുക വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാണ് 73കാരനായ അഭമയകുമാര്‍ റോഡിൽ കുഴഞ്ഞുവീണത്.
ഈ സമയം സഹായിക്കാനെന്ന വ്യാജേനയാണ് പ്രദേശത്തെ ഗുണ്ടാ നേതാവായ രതീഷ് (റെമോ) ഇയാളുടെ അടുത്തെത്തിയത്. തുടർന്ന് അഭയകുമാറിനെ കൂടെക്കൂട്ടിയ പ്രതി, വഴിയിൽ വെച്ച് ഇയാളെ തള്ളിയിടുകയും കൈവശമുണ്ടായിരുന്ന 4,000 രൂപയും ആധാർ കാർഡ് ഉൾപ്പെടെയുള്ള പ്രധാന രേഖകളടങ്ങിയ പേഴ്സും കവരുകയുമായിരുന്നു.
പിന്നീട് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അഭയകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അഭയകുമാർ ബേപ്പൂർ പൊലീസിൽ പരാതി നൽകിയെങ്കിലും തുടക്കത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല.



