മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്; ചോദ്യം ചെയ്ത് കോടതി

തിരുവനന്തപുരം: പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടയുകയും പ്രതിരോധിക്കുകയും ചെയ്ത പിതാവിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതി. ആറ്റിങ്ങൽ കോടതിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്തത്. തനിക്കെതിരെ മർദ്ദനമുണ്ടായെന്ന പ്രതിയായ അയൽവാസിയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലാണ് പോലീസ് ആദ്യം പിതാവിനെതിരെ കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുന്നത്. 13 വയസ്സുള്ള പെൺകുട്ടിയെ അയൽവാസിയായ നാല്പതുകാരൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം സംഭവം നേരിൽക്കണ്ട പിതാവ് ഓടിയെത്തുകയും മകളെ രക്ഷിക്കാനായി ഇയാളെ നേരിടുകയും ചെയ്തു. ഈ പ്രതിരോധത്തിനിടയിൽ അയൽവാസിയുടെ കാലിന് പൊട്ടലേറ്റിരുന്നു. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
അയൽവാസിയുടെ പരാതി ലഭിച്ച ഉടൻ തന്നെ നിജസ്ഥിതി പരിശോധിക്കാതെ പോത്തൻകോട് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇയാൾക്ക് പരിക്കേറ്റതെന്ന് പോലീസ് തിരിച്ചറിഞ്ഞത്. കാര്യം ബോധ്യപ്പെട്ടതോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയായ അയൽവാസിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.



