കൊച്ചിയിൽ റെയിൽപാതയിൽ നിന്ന് അര കിലോമീറ്ററോളം റെയിൽ പാളം കാണാനില്ല, 400 കഷ്ണങ്ങളാക്കി… മൂന്ന് പേർ പിടിയിൽ

കൊച്ചി: തുറമുഖ പ്രദേശത്തെ റെയിൽപാതയിൽ നിന്ന് പാളം മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ എറണാകുളം സൗത്ത് ആർപിഎഫ് പിടികൂടി. വൈപ്പിൻ മുള്ളയ്ക്കൽ വീട്ടിൽ പി കെ അഫ്സൽ (52), മട്ടാഞ്ചേരി പഴയ വീട്ടിൽ പിഐ താജുദ്ദീൻ (63), അസം സ്വദേശിയായ ചന്ദ്രശേഖർ മാലിക് (46) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, നിലവിൽ ട്രെയിൻ സർവീസുകൾ ഇല്ലാത്ത ഐലൻഡ് റെയിൽപാതയിലെ ഏകദേശം അര കിലോമീറ്ററോളം പാളമാണ് ഇവർ മുറിച്ച് മാറ്റിയത്.

തിങ്കളാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. പാളങ്ങൾ കഷണങ്ങളാക്കി വീണ്ടും വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മോഷണം നടന്നത് എന്നാണ് കണ്ടെത്തൽ. പ്രതികളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിൽ മോഷ്ടിച്ച പാളങ്ങളുടെ 400ഓളം കഷണങ്ങൾ കണ്ടെടുത്തു. ഇവ കടത്താൻ ഉപയോഗിച്ച ലോറിയും പാളം മുറിക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാളങ്ങൾ മുറിച്ച് ആക്രിക്കട വഴി വിൽക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആർപിഎഫ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button