സെൻസസ് ഡ്യൂട്ടി: ജീവനക്കാർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്; പ്രത്യേക അവധി അനുവദിച്ചു

സംസ്ഥാനത്ത് ഭവന സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ആശ്വാസമേകി സർക്കാരിന്റെ പ്രത്യേക ഉത്തരവ്. സെൻസസ് ജോലികൾ സുഗമമായി പൂർത്തിയാക്കുന്നതിനായി ജീവനക്കാർക്ക് ഡ്യൂട്ടി കാലയളവിൽ പ്രത്യേക അവധി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
ജൂലൈ 30 വരെയുള്ള കാലയളവിൽ പരമാവധി 10 ദിവസത്തെ പൂർണ്ണ അവധിയോ, അല്ലെങ്കിൽ 20 ദിവസങ്ങളിൽ രാവിലെയോ ഉച്ചയ്ക്ക് ശേഷമോ അരദിവസം വീതമുള്ള അവധിയോ എടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് തങ്ങളുടെ ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്ന് വിട്ടുനിന്ന് സെൻസസ് ചുമതലകളിൽ പങ്കാളികളാകാൻ ഈ ഉത്തരവ് സഹായകരമാകും.
ഭവന സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അധ്യാപകരും മറ്റ് ജീവനക്കാരും വലിയ രീതിയിലുള്ള ആശയക്കുഴപ്പവും ജോലിഭാരവും നേരിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാരിന്റെ ഈ ഇടപെടൽ. പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെ ജീവനക്കാരുടെ ആശങ്കകൾക്ക് പരിഹാരമായിട്ടുണ്ട്.



