‘ബാറ്റ്മാൻ’? ബൈക്ക് കള്ളന്മാരെ തൂണിൽ കെട്ടിയിടുന്ന അജ്ഞാതനാര്?

​സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ ‘കുറ്റവാളി’കളെ വേട്ടയാടി പൊതുജനങ്ങൾക്ക് മുന്നിൽ കെട്ടിയിടുന്ന ‘മാസ്ക് ധരിച്ച’ അജ്ഞാതനാണ് ഇപ്പോൾ മെക്സിക്കോയിൽ ചർച്ചയാകുന്നത്. മെക്സിക്കോയിലെ ജാലിസ്കോയിൽ ബൈക്ക് മോഷ്ടാക്കളെന്ന് ആരോപിക്കപ്പെടുന്ന ചിലരെ പൊതുസ്ഥലത്തെ പോസ്റ്റുകളിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ‘ബാറ്റ്മാൻ ഓഫ് ലാഗോസ് ഡി മൊറേനോ’ എന്ന് വിളിക്കപ്പെടുന്ന ഈ നിഗൂഢ വ്യക്തി സോഷ്യൽ മീഡിയയിൽ തരംഗമായത്.

​ചിലയിടങ്ങളിൽ യുവാക്കൾ മോഷ്ടിച്ചുവെന്ന് പറയപ്പെടുന്ന ബൈക്കുകൾക്ക് സമീപം തന്നെയാണ് ഇവരെ കെട്ടിയിട്ടിരുന്നത്. ഇതൊരു സ്വാഭാവിക നീതി നടപ്പാക്കലാണെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പലരും കുറിച്ചതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു. എന്നാൽ, നിയമം കയ്യിലെടുത്ത ഈ ‘ബാറ്റ്മാനെ’ കണ്ടെത്താൻ ജാലിസ്കോയിലെ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആളുകളെ നിലവിൽ പ്രതികളായല്ല, മറിച്ച് അക്രമത്തിന് ഇരയായവരായാണ് നിയമം കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലെ തൂണുകളിൽ യുവാക്കളെ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ജാലിസ്കോയിലെ ലാഗോസ് ഡി മൊറേനോ മുനിസിപ്പാലിറ്റിയിൽ ഈ സംഭവം ചർച്ചയാകുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ അജ്ഞാത വ്യക്തിക്കോ ഗ്രൂപ്പിനോ ‘ബാറ്റ്മാൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

Related Articles

Back to top button