10 ചോദ്യങ്ങൾ നോക്കാതെ ഫലം പ്രഖ്യാപിച്ചു… പിഎസ്‌സി പരീക്ഷാക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം

സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പിഎസ്‌സി പരീക്ഷയിലെ ഗുരുതരമായ ക്രമക്കേടുകൾ ചർച്ചയായതും തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതും. പരീക്ഷാ ക്രമക്കേടുകൾ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലാണ് വൻ അട്ടിമറി നടന്നിരിക്കുന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്ക് നേടിയ അരുണ്‍ ജെ പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. ഇടതുസര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്. എന്നാൽ, പരീക്ഷാ മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ ശ്യാം കൃഷ്ണൻ ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഓൺ സ്ക്രീൻ മാർക്കിംഗിൽ 9 മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾക്ക് മാർക്കിടാതെ പൂർണ്ണമായും ഒഴിവാക്കിയതായി ശ്യാം കൃഷ്ണൻ കണ്ടെത്തി. തുടർന്ന് നൽകിയ പരാതിയിൽ പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയിൽ പരീക്ഷയെഴുതിയ 228 പേരുടെയും ഉത്തരക്കടലാസുകളിൽ ഈ ചോദ്യങ്ങൾ നോക്കിയിട്ടേയില്ലെന്ന് വ്യക്തമായി. 2023 ജൂലൈ 13-നായിരുന്നു വിവാദത്തിനാസ്പദമായ പൊതുപ്രാഥമിക പരീക്ഷ നടന്നത്. ആകെ 228 പേർ പരീക്ഷയെഴുതി. തുടർന്ന് 2025 മെയ് 31-നാണ് പിഎസ്‌സി ഇതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ക്രമക്കേട് ബോധ്യപ്പെട്ട സാഹചര്യത്തിൽ, പരീക്ഷകളിൽ പുനർമൂല്യനിർണ്ണയം നടത്താനും ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനും പിഎസ്‌സി യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ തലത്തിലും അന്വേഷണത്തിന് മന്ത്രിസഭാ യോഗം ഉത്തരവിട്ടിരിക്കുന്നത്.



