ദുരന്തം നടന്ന് എട്ടാം നാൾ നഗരസഭ ഉണർന്നു… റിഹാനയുടെ ജീവനെടുത്ത 30 അടി താഴ്ചയിൽ ഒടുവിൽ സുരക്ഷാവേലി..

കൊച്ചി: കാക്കനാട് മാവേലിപുരത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ മുപ്പതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി റിഹാന കാതറിൻ ആൻഡ്രൂസ് മരിച്ച സ്ഥലത്ത് ഒടുവിൽ ഇരുമ്പ് സംരക്ഷണ വേലി സ്ഥാപിച്ചു. ദുരന്തം നടന്ന് എട്ടാം ദിവസമാണ് മാവേലിപുരം ഓണം പാർക്കിന് സമീപത്തെ അപകടസ്ഥലത്ത് തൃക്കാക്കര നഗരസഭ സുരക്ഷാ വേലി നിർമ്മിച്ചത്. ഏറെ നാളായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന സുരക്ഷാ ആവശ്യം നിറവേറ്റാൻ ഒരു കുഞ്ഞ് ജീവൻ പൊലിയേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ആഴ്ചയായിരുന്നു മാവേലിപുരത്തെ ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകളായ റിഹാന, സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ 30 അടി താഴ്ചയിലേക്ക് വീണ് മരിച്ചത്. തൃക്കാക്കര നഗരസഭ റോഡിന്റെ നിരപ്പ് ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലെ മതിലിന്റെ ഉയരത്തിലേക്ക് ഉയർത്തി ഇന്റർലോക്ക് വിരിച്ചിരുന്നു. ഇതോടെയാണ് റോഡരികിൽ കടുത്ത താഴ്ച രൂപപ്പെട്ടത്. ഇവിടെ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭയും ഫ്ലാറ്റ് ഉടമകളും തമ്മിലുള്ള തർക്കത്തെ തുടർന്ന് നടപടി വൈകുകയായിരുന്നു. ഈ തർക്കത്തിന്റെ ഇരയായാണ് ഒടുവിൽ റിഹാനയ്ക്ക് ജീവൻ നഷ്ടമായത്. അപകടഭീഷണിയുള്ള ഭാഗത്തെ ഇന്റർലോക്ക് കട്ടകൾ നീക്കം ചെയ്ത് ശക്തമായ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ് ഇപ്പോൾ സംരക്ഷണ വേലി നിർമിച്ചിരിക്കുന്നത്. വേലി നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി വാർഡ് കൗൺസിലർ ഐഷാ സുബൈർ അറിയിച്ചു. റിഹാനയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അപകട സ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണ്ഡലത്തിലെയും നഗരസഭയിലെയും മറ്റ് അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഉടനടി കണ്ടെത്തി അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് ബാലാവകാശ കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button