കീഴാറ്റൂർ വയൽക്കിളി സമരം; കേസിലെ 28 പ്രതികളെയും വെറുതെ വിട്ടു

കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരത്തിൽ അറസ്റ്റിലായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ദേശീയപാത നിർമാണത്തിന് വയൽ നികത്തുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ തടഞ്ഞ വയൽക്കിളി സംഘത്തിലെ 28 പേരെയാണ് കോടതി വെറുതെവിട്ടത്. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർണ്ണായകമായ ഈ വിധി. തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തുന്നതിനായി സ്ഥലം അളക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഇരുപത്തെട്ട് പേർ ചേർന്നാണ് തടഞ്ഞത്. ഈ പ്രതികളെയെല്ലാമാണ് ഇപ്പോൾ കോടതി വെറുതെവിട്ടിരിക്കുന്നത്.
2018 മാർച്ച് 14നാണ് കേസിനാസ്പദമായും സംഭവം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വയൽ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭമായിരുന്നു കീഴാറ്റൂരിലെ വയൽക്കിളി സമരം. സിപിഎം പ്രാദേശിക നേതൃത്വം ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിച്ച വയൽക്കിളികൾ എന്ന കൂട്ടായ്മയായിരുന്നു സമരം ആരംഭിച്ചത്. പ്രതിഷേധ നേതാവ് സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി. മനോഹരൻ, നോബിൽ എം. പൈകട ഉൾപ്പെടെയുള്ളവർ പെട്രോൾ നിറച്ച കുപ്പികളുമായി ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 49 പേർക്കെതിരെ കേസെടുത്തെങ്കിലും 28 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഉദ്യോഗസ്ഥരെ തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
വയൽക്കിളികൾ എന്ന പേരിൽ പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭം വലിയ ചർച്ചയായിരുന്നു. എന്നാൽ സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തിൽ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങി. പക്ഷേ സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിലെ മണ്ണ് ഉൾപ്പെടെ എത്തിച്ച് പ്രതീകാത്മകസമരം നടന്നു. പക്ഷേ വയലിലെ ചതുപ്പു നിലത്തിന് മോഹവിലയിട്ട് സർക്കാർ സമരത്തിന്റെ ചിറകരിഞ്ഞു. സമരക്കാരുയർത്തിയ വാദങ്ങൾ പഠിക്കാൻ നിയോഗിച്ച കേന്ദ്ര ഉദ്യോഗസ്ഥ സംഘം പോലും സമരത്തെ തള്ളിപ്പറഞ്ഞിരുന്നു. വയലിൽ കൃഷിയില്ലെന്നും അവിടെ പുല്ലുവളർത്തലാണ് നടക്കുന്നതെന്നുമായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് നൽകിയത്. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെയായിയുന്നു ഈ റിപ്പോർട്ട്.
കണ്ണൂരിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ്. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം മുതൽ കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ പാലം വരെയുള്ള പാതയുടെ നീളം 40.110 കിലോമീറ്ററാണ്. ഇതിൽ 5.660 കി.മീ ആണ് കീഴാറ്റൂർ ബൈപ്പാസ് റീച്ചിലുള്ളത്. തളിപ്പറമ്പ് നഗരം എത്തുന്നതിനു മുൻപ് പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ്. പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് ഇടിച്ചുനിരത്തി. തളിപ്പറമ്പ് ബൈപ്പാസിലെ നീളംകൂടിയ മേൽപ്പാലത്തിന്റെ പേരിലാണ് കീഴാറ്റൂർ-മാന്ധംകുണ്ട്. 42 തൂണുകളിലായി 600 മീറ്റർ നീളമുള്ളതാണ് മേൽപ്പാലം.




