മംഗലാപുരത്ത് സിനിമയെ വെല്ലുന്ന കവർച്ച… മലയാളി സ്വർണ്ണവ്യാപാരിയെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയി, ഭാര്യയെയും മകനെയും…

മംഗലാപുരം: മഹാരാഷ്ട്രയിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി സ്വർണ്ണ വ്യാപാരിക്ക് നേരെ മംഗലാപുരത്ത് സിനിമയെ വെല്ലുന്ന രീതിയിൽ വൻ കവർച്ച. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് ക്രൂരമായ ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. മൂന്ന് കാറുകളിലായെത്തിയ സംഘമാണ് കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ടത്.

ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർച്ചാസംഘം തട്ടിയെടുത്തതായി വികാസ് പനമ്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് വരികയായിരുന്ന വികാസിന്റെ വാഹനം തടഞ്ഞുനിർത്തിയ അക്രമിസംഘം വികാസിനെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയെയും മകനെയും ഇവർ വഴിയിൽ ഇറക്കിവിട്ടു. പിന്നീട് പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട വികാസ് പനമ്പൂർ പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ മലയാളി ബന്ധമുണ്ടാകാമെന്ന ശക്തമായ സംശയത്തിലാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച മൂന്ന് വാഹനങ്ങളിൽ രണ്ടെണ്ണം കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാറുകളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൂന്നാമത്തെ വാഹനം കർണാടക രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാറാണ്. കവർച്ചാസംഘം പയ്യന്നൂർ സ്വദേശിയായ വികാസിനെ ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെയാണ് എത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പനമ്പൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button