ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്… ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെ നടന്ന ആക്രമണക്കേസിൽ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്. ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ നാളെത്തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. മ്യൂസിയം എസ് എച്ച് ഒയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും (DGP) തമ്മിൽ കൊച്ചിയിൽ നടത്തിയ അടിയന്തര കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. കഴിഞ്ഞ ദിവസം ഇ ഡിയും ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ പ്രോസിക്യൂട്ടറുടെ ഇടപെടൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തിയത്. എന്ത് സാഹചര്യത്തിലാണ് ജില്ലാ സെഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത് എന്നതിൽ മ്യൂസിയം എസ്എച്ച്ഒ കൃത്യമായ വിശദീകരണം ഡിജിപിക്ക് നൽകിയിട്ടുണ്ട്. പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി 13 പ്രധാന കാരണങ്ങൾ നിരത്തിക്കൊണ്ടാണ് പോലീസ് റിപ്പോർട്ട് നൽകിയിരുന്നത്.
എന്നാൽ, പോലീസിന്റെ ഈ ശക്തമായ റിപ്പോർട്ടിന്മേലുള്ള വാദങ്ങളെക്കുറിച്ച് പ്രോസിക്യൂട്ടർ കോടതിയിൽ കൃത്യമായി സംസാരിച്ചില്ല. പ്രതിക്ക് ജാമ്യം അനുവദിച്ചാലും പ്രശ്‌നമില്ലെന്ന മൃദുസമീപനമാണ് പ്രോസിക്യൂട്ടർ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി തെറ്റിദ്ധരിക്കപ്പെട്ടാണ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്ന് എസ്എച്ച്ഒ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിലെ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ, കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായിട്ടുണ്ട്. കേസിൽ പ്രത്യേകം പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യം മ്യൂസിയം എസ്എച്ച്ഒ കൂടിക്കാഴ്ചയിൽ ഉന്നയിക്കുകയും ഡിജിപി അതിന് അനുകൂല നിലപാട് സ്വീകരിക്കുകയുമായിരുന്നു. സർക്കാരിന്റെ അപ്പീൽ ഹർജി നാളെത്തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും.



