പാവങ്ങളുടെ വീടിന് മുന്നിൽ മോദിയുടെ പടം വെക്കാൻ മലയാളി ഗതികെട്ടവനല്ല… ലീഗിന് ഇഡിയെ ഭയമാണോ?… കെ.ടി. ജലീൽ

തിരുവനന്തപുരം: പിഎംഎവൈ ഭവന പദ്ധതി വിവാദത്തിൽ കേന്ദ്ര സർക്കാരിനോട് മുസ്ലിം ലീഗ് മന്ത്രിമാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഡോ. കെ.ടി. ജലീൽ. ലീഗ് മന്ത്രിമാരായ കെ.എം. ഷാജിയും ഷംസുദ്ദീനും സ്വീകരിക്കുന്ന നിലപാടുകൾ മതേതരവാദികളെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുൻപ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്ന തന്റെ പഴയ സഹപ്രവർത്തകർ ഇന്ന് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന കെ.എം. ഷാജിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കടമെടുത്താണെങ്കിലും ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കാതെയാണ് പിണറായി സർക്കാർ അഞ്ചു ലക്ഷം വീടുകൾ നിർമിച്ചുനൽകിയത്. പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ മോദിയുടെ ഫോട്ടോ വെക്കാൻ മലയാളികൾ ഗതികെട്ടവരല്ല. അത്രയും നിർബന്ധമാണെങ്കിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകൾക്ക് മുന്നിലും ‘ചന്ദ്രിക’ പത്രത്തിന്റെ ബോർഡിന് മുകളിലും മോദിയുടെ പടം പതിക്കട്ടെ. ഇഡിയെ ഭയന്നാണോ ലീഗ് ഇത്തരത്തിൽ പെരുമാറുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷ സർക്കാർ മുൻപ് മരവിപ്പിച്ച ‘പി.എം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള മന്ത്രി ഷംസുദ്ദീന്റെ നീക്കത്തെയും ജലീൽ ശക്തമായി എതിർത്തു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ അത് നടപ്പിലാക്കുന്നത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായുള്ള വല്ല ‘ഡീലിന്റെയും’ ഭാഗമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാതിരിക്കാനാണോ ഈ ഒത്തുതീർപ്പുകളെന്നും ജലീൽ ചോദിച്ചു. സംസ്ഥാനത്തെ മദ്യനയത്തിലും ലീഗിന്റെ നിലപാടിനെ ജലീൽ ചോദ്യം ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് മദ്യപാനം സാർവത്രികമാക്കാനുള്ള തീരുമാനത്തിനെതിരെ സാദിഖലി തങ്ങൾ ‘ചന്ദ്രിക’യിൽ ലേഖനം എഴുതുകയല്ല വേണ്ടത്, മറിച്ച് മന്ത്രിമാരോട് രാജിവെച്ച് ഇറങ്ങാൻ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മദ്യനയം, മോദിയുടെ ചിത്രം, പി.എം ശ്രീ എന്നിവയ്‌ക്കെല്ലാം ലീഗ് ‘ഹലാൽ സർട്ടിഫിക്കറ്റ്’ നൽകുകയാണെങ്കിൽ പ്രതിപക്ഷം അത് തെരുവിൽ കീറിയെറിയും. ഖാഇദെമില്ലത്തിന്റെ ‘ഈമാൻ’ (വിശ്വാസം) പോയിട്ട്, വി.എം. സുധീരന്റെ ഈമാനെങ്കിലും ലീഗ് നേതാക്കൾക്ക് വേണ്ടേ എന്നും കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.



