രണ്ട് യുവതികളും സുഹൃത്തുക്കളും കാറിൽ തുടങ്ങിയ ലഹരിക്കടത്ത്… തൃശ്ശൂർ സിറ്റി പോലീസിന്റെ വൻ വലയിൽ കുടുങ്ങി 7 അംഗ സംഘം

തൃശ്ശൂർ: തൃശ്ശൂർ സിറ്റി പോലീസിന്റെ ശക്തമായ ഇടപെടലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. മൂന്നിടങ്ങളിലായി നടത്തിയ മിന്നൽ പരിശോധനകളിൽ 308 ഗ്രാം എം.ഡി.എം.എ. ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വാണിയമ്പാറയിൽ നടത്തിയ വാഹനപരിശോധനയാണ് പോലീസിനെ ഈ വൻ ലഹരിശേഖരത്തിലേക്ക് നയിച്ചത്. ഡാൻസാഫ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ വിജിത്തും സംഘവും പീച്ചി, ഹൈവേ പോലീസ് എന്നിവരുമായി ചേർന്ന് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 2 ഗ്രാം എം.ഡി.എം.എ. ആദ്യം പിടികൂടി.
പാലക്കാട് മുതലമടയിലെ റിസോർട്ടിൽനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന സംഘമാണ് പോലീസിന്റെ വലയിലായത്. കാക്കശ്ശേരി സ്വദേശി കല്ലൂരയിൽവീട്ടിൽ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂർ നമ്പഴിക്കാട് സ്വദേശി മരക്കാത്ത് വീട്ടിൽ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശി ചെമ്പിൽവീട്ടിൽ ശ്രീലക്ഷ്മി (20) എന്നിവരെയാണ് കാറിൽ നിന്ന് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് ശനിയാഴ്‌ച പുലർച്ചെ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ബണ്ട് റോഡിന് സമീപമുള്ള ഷിഫാസിന്റെ വീടിന് സമീപം നടത്തിയ പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെടുത്തു. എന്നാൽ റെയ്ഡിന് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹൃത്തായ സുമേഷ് ഇവിടെയുണ്ടായിരുന്ന മയക്കുമരുന്ന് മാറ്റിയതായി പോലീസിന് മനസ്സിലായി. പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയിലാണ് ഗുരുവായൂരിലെ ലഹരി കേന്ദ്രത്തെക്കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിക്കുന്നത്.
തൃശ്ശൂർ ഡാൻസാഫ് ടീമും കുന്നംകുളം സ്‌ക്വാഡും സംയുക്തമായി ഗുരുവായൂർ പഞ്ചാരമുക്കിലെ അലൂമിനിയം ഫാബ്രിക്കേഷൻ വർക്‌ഷോപ്പിൽ നടത്തിയ റെയ്ഡിൽ 288 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെത്തുകയായിരുന്നു. വർക്‌ഷോപ്പിൽ ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച എളവള്ളി ജാനകിപ്പടി സ്വദേശി തെപ്പുറത്ത് വീട്ടിൽ ടി.ടി. സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം സ്വദേശികളായ പുതുവീട്ടിൽ ഷെബീർ (34), കല്ലൂരയിൽ വീട്ടിൽ അൻഷാദ് (31) എന്നിവരെയും പോലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളിൽ സുമേഷിനെ കൂടുതൽ അന്വേഷണങ്ങൾക്കായി പീച്ചി പോലീസിന് കൈമാറി. ഈ ലഹരി ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ്‌മുഖ് അറിയിച്ചു.



